സംസ്ഥാനത്ത് രണ്ടുദിവസംകൂടി മഴ കനക്കും. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസംകൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കാനുള്ള കാരണം.
മഴ ശക്തമായി തുടരുന്നതിനാല്‍ നാളെ (ജൂണ്‍ 27) ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അവധിയാണ്. പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്.
ഓറഞ്ച് അലര്‍ട്ടുള്ള തൃശ്ശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലാണ് എറണാകുളത്തും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്.
സംസ്ഥാനത്ത് രണ്ടുദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് റവന്യു മന്ത്രി കെ. രാജന് പറഞ്ഞു. മലയോര മേഖലകളില്‍ മഴ ശക്തിപ്രാപിക്കുമെന്നും 29 മുതല്‍ മഴയില്‍ കുറവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ ഇടുക്കി ജില്ലയില്‍ അതീവശ്രദ്ധ വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ഇടുക്കിയിലെ വിവിധ സ്ഥലങ്ങളില്‍ 203 മുതല്‍ 213 വരെ മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. ചുരുങ്ങിയ കാലത്തിനിടയില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. മൂന്നാര്‍ മുല്ലപ്പെരിയാര്‍ മേഖലകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.