വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്

തെഹ്റാന്: ഇറാന് ഇസ്രായേല്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്ന് രൂക്ഷമായിരിക്കുകയാണ് പശ്ചിമേഷ്യ.
ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളെ നേരിട്ട് ആക്രമിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനെതിരെ ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ച് ഒരു ആഴ്ചയിലേറെ കഴിഞ്ഞപ്പോഴാണ് യുഎസ് ആക്രമണം ഉണ്ടായത്.
യുഎസ് അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ആക്രമണത്തിനു ശേഷമുള്ള തന്റെ ആദ്യ പൊതു പ്രസംഗത്തില്‍ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
'ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമായ അമേരിക്ക ഇറാന്റെ സമാധാനപരമായ ആണവ സ്ഥാപനങ്ങളെ ആക്രമിച്ചതിലൂടെ യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും എന്‍പിടിയുടെയും (ആണവ നിര്‍വ്യാപന ഉടമ്പടി) ഗുരുതരമായ ലംഘനമാണ് നടത്തിയത്.'
അരാഗ്ചി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ഇറാന്റെ പരമാധികാരം, താല്‍പ്പര്യങ്ങള്‍, ജനങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഇറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ യുഎസ് അപകടകരമായ യുദ്ധം ആരംഭിച്ചതായി ഇറാന് മന്ത്രാലയം. 'നയതന്ത്ര പ്രക്രിയക്കിടയില്‍ നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്.'
ഇറാന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണങ്ങള്‍ യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്നും ഈ ഹീനമായ കുറ്റകൃത്യത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി.