വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാല്‍ ഇന്നലെ വൈദ്യുതി ഉപയോഗത്തില്‍ 200 മെഗാവാട്ട് മുതല്‍ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി.
സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സാധിച്ചു. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 82.25ദശലക്ഷം യൂണിറ്റാണ്.
ഉല്‍പാദനം 10.59 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 71.66ദശലക്ഷം യൂണിറ്റും ഉയര്‍ന്ന ആവശ്യകത 4410 മെഗാവാട്ട് ആണ്.
വൈദ്യുതി ഉല്‍പാദനത്തിനായി കെഎസ്ഇബി ഡാമുകളില്‍ അവശേഷിക്കുന്ന ജലം 21.87% മാത്രമാണ് എന്നാല്‍ അത് കഴിഞ്ഞ വര്‍ഷം 61.08% ആയിരുന്നു.
അതേസമയം, വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കണമെന്ന് കെഎസ്ഇബിയോട് റെഗുലേറ്ററി കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എസ്എംഎസ്, അച്ചടി ദൃശ്യ മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങി സാധ്യമായ മാര്‍ഗങ്ങളിലെല്ലാം അറിയിപ്പ് നല്‍കണം.
വൈദ്യുതി വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിന്, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ നിശ്ചിത സമയത്തേക്ക് ലോഡ്ഷെഡ്ഡിങ് ഏര്‍പ്പെടുത്താമെന്നും കമീഷന്‍ അറിയിച്ചു.
മഴ ലഭിച്ചതോടെ തിങ്കളാഴ്ച വൈദ്യുതി ഉപയോഗത്തില്‍ 300 മെഗാവാട്ട് മുതല്‍ 500 മെഗാവാട്ട് വരെ കുറവുണ്ടായെന്ന് കെഎസ്ഇബി അറിയിച്ചു.