ലിംഗാധിഷ്ഠിത അക്രമങ്ങള്‍ക്കെതിരെ നിശബ്ദത പാടില്ല;  അന്താരാഷ്ട്ര വനിതാദിനത്തില്‍ യൂണിസെഫ്

 
WOMEN

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്‍പത്തിനാല് കോടിയോളം സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടിരിക്കുന്നു എന്ന യൂണിസെഫിന്റെ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തില്‍, ലിംഗാധിഷ്ഠിത അക്രമങ്ങള്‍ക്കെതിരെ നിശബ്ദത പാടില്ലെന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ട് ക്യാമ്പയിന്‍ സംഘടിപ്പിച്ച് യൂണിസെഫ് ഇറ്റലി ഘടകം.

 അന്താരാഷ്ട്ര വനിതാദിനം മാര്‍ച്ച് എട്ടാം തീയതി ആചരിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്ന വിവിധ സംരംഭങ്ങളുടെ കൂടെയാണ് ഇത്തരമൊരു ക്യാമ്പയിന്‍ നടത്തുന്നതിനെക്കുറിച്ച് യൂണിസെഫ് പ്രാദേശിക ഘടകം മാര്‍ച്ച് ആറാം തീയതി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന കൗമാരക്കാരായ പെണ്‍കുട്ടികളുടെ എണ്ണം മുന്‍പെന്നതിനേക്കാള്‍ വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ യൂണിസെഫ് പുറത്തുവിട്ടതിന്റെ കൂടി അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ഈ ക്യാമ്പയിന് പിന്തുണ നല്‍കിക്കൊണ്ട് ഇറ്റലിയിലെ ദേശീയ വോളിബോള്‍ താരം അലേസ്സ്യ ഒറോ ഒരു വീഡിയോ സന്ദേശം പുറത്തുവിടുമെന്നും യൂണിസെഫ് ഇറ്റലി തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2023-ലെ കണക്കുകള്‍ അനുസരിച്ച്, ആഗോളതലത്തില്‍ ഏതാണ്ട് 840 മില്യണ്‍ (എണ്‍പത്തിനാല് കോടി) സ്ത്രീകളാണ് തങ്ങളുടെ പങ്കാളികളില്‍നിന്ന് പീഡനങ്ങളോ ലൈംഗികാതിക്രമങ്ങളോ ഏറ്റുവാങ്ങിയതെന്ന് യൂണിസെഫ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 

ആറുകോടിയോളം ആളുകളുള്ള ഇറ്റലിയിലാകട്ടെ, പതിനാറിനും എഴുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഏതാണ്ട് അറുപത്തിനാല് ലക്ഷം സ്ത്രീകളാണ്, തങ്ങള്‍ പീഡനങ്ങള്‍ക്കോ ലൈംഗികാതിക്രമങ്ങള്‍ക്കോ വിധേയരായിട്ടുണ്ടെന്ന് അറിയിച്ചത്.

ഇറ്റലിയില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളില്‍ ഒന്നായി തുടരുന്നുവെന്നും, ഇത് സ്ത്രീകളുടെ അവകാശങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതിന് തടസ്സമായി നില്‍ക്കുകയാണെന്നും യൂണിസെഫ് ഇറ്റലിയുടെ പ്രസിഡന്റ് നിക്കൊളാ ഗ്രാത്സിയാനോ പ്രസ്താവിച്ചു. 

ഗാര്‍ഹികപീഡനങ്ങള്‍ക്കും പുരുഷന്മാരുടെ ഭാഗത്തുനിന്ന് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കും എതിരെയുള്ള ദേശീയ പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങള്‍ക്കെതിരായ അതിക്രമങ്ങളും പീഡനശ്രമങ്ങളുമായി ബന്ധപ്പെട്ട അപകടകരമായ അടയാളങ്ങളും മുന്നറിയിപ്പുകളും തിരിച്ചറിയാനും, അവയ്ക്കെതിരെ സഹായം തേടാനും ഇറ്റലിയിലെ യൂണിസെഫ് ഘടകം സ്ത്രീകളെ ആഹ്വാനം ചെയ്തു. 

പീഡനങ്ങളും ചൂഷണങ്ങളും നടന്നതിന് ശേഷം നടക്കുന്ന പീഡനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം മാത്രമല്ല, മറിച്ച് പീഡനങ്ങള്‍ തടയാനും, ഇരകള്‍ക്ക് സംരക്ഷണവും പിന്തുണയും ഉറപ്പുവരുത്താനും വേണ്ട ശ്രമങ്ങള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്. 

അപകടസാധ്യതകളുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ ഗൗരവതരമായി എടുക്കേണ്ടതിന്റെ പ്രാധാന്യവും യൂണിസെഫ് എടുത്തുകാട്ടി.

പീഡനം നിങ്ങളുടെ സ്വരമാണ് ഇല്ലാതാക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച അലേസ്സ്യ ഒറോ, ഭയവും ധൈര്യക്കുറവും വെടിഞ്ഞ്, നിശ്ശബ്ദതയില്‍നിന്ന് പുറത്തുവരേണ്ടതിന്റെയും, സംസാരിക്കേണ്ടതിന്റെയും, സഹായം തേടേണ്ടതിന്റെയും ആവശ്യം പ്രത്യേകം എടുത്തുപറഞ്ഞു. 

Tags

Share this story

From Around the Web