വിശുദ്ധനാട്ടിലെ സംഘര്‍ഷത്തിന് ഉടന്‍ അവസാനമുണ്ടാകണം: ലിയോ പതിനാലാമന്‍ പാപ്പാ

​​​​​​​

 
LEO


വത്തിക്കാന്‍:വിശുദ്ധ നാട്ടിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍, സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അന്താരാഷ്ട്രസമൂഹവും മുന്നോട്ട് വരണമെന്ന് ലിയോ പതിനാലാമന്‍ പാപ്പാ ശക്തമായി ആഹ്വാനം ചെയ്തു. 


ഓഗസ്റ്റ് 27 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷക്കാരായ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ്, മരണവും നാശവും ഭീതിയും വിതച്ചുകൊണ്ട് മുന്നേറുന്ന ഈ ഭീകരസ്ഥിതിക്ക് അവസാനമുണ്ടാകണമെന്ന് പാപ്പാ ആവശ്യപ്പെട്ടത്.

തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളെ വിട്ടയക്കണമെന്നും, പ്രദേശത്ത് സ്ഥിരമായ വെടിനിറുത്തലില്‍ നടപ്പിലാക്കണമെന്നും, മാനവികസഹായങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള സഹായസഹകരണം ഉറപ്പുവരുത്തണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. 

മനുഷ്യാവകാശങ്ങള്‍ പൂര്‍ണ്ണമായി മാനിക്കപ്പെടണമെന്ന്, പ്രത്യേകിച്ച് സാധാരണക്കാരായ മനുഷ്യരെ സംരക്ഷിക്കാനുള്ള ബാധ്യത നടപ്പിലാക്കണമെന്നും കൂട്ടശിക്ഷയും, വിവേചനരഹിതമായ ബലപ്രയോഗവും, നിര്‍ബന്ധിത കുടിയേറ്റവും ഒഴിവാക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

നിലവിലെ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്കും യുദ്ധത്തിനും അറുതിവരുത്തണമെന്നും, ആളുകളുടെ പൊതുനന്മയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ലത്തീന്‍ പാത്രിയര്‍ക്കീസുമാര്‍ നടത്തിയ സംയുക്തപ്രസ്താവനയില്‍ താനും പങ്കുചേരുന്നുവെന്ന് പാപ്പാ പറഞ്ഞു.

നാമെല്ലാവര്‍ക്കും പ്രിയപ്പെട്ട ആ വിശുദ്ധനാട്ടില്‍ അനുരഞ്ജനവും സമാധാനവും സാധ്യമാകാന്‍വേണ്ടി, സമാശ്വാസത്തിന്റെയും പ്രത്യാശയുടെയും ഉറവിടമായ സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന് സാധിക്കട്ടെയെന്ന് നമുക്കപേക്ഷിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

യുദ്ധങ്ങളാല്‍ കഷ്ട്ടപ്പെടുന്ന സഹോദരീസഹോദരങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പ്രാര്‍ത്ഥനയെയും.ഉപവാസത്തെയും കുറിച്ചും തന്റെ പ്രഭാഷണത്തിന്റെ ആദ്യം പാപ്പാ അനുസ്മരിച്ചിരുന്നു. 

Tags

Share this story

From Around the Web