'ഇസ്രായേലിന്റെ ചരിത്രത്തില്‍ നെതന്യാഹുവിനെപ്പോലെ പോരാളി വേറെയില്ല. നെതന്യാഹുവിനെതിരായ അഴിമതിക്കേസ് റദ്ദാക്കണം; അല്ലെങ്കില്‍ മാപ്പ് നല്‍കണം: ഇസ്രായേലിനോട് ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.
വിചാരണ റദ്ദാക്കാന്‍ കഴിയില്ലെങ്കില്‍, രാജ്യത്തിന് വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയ നേതാവായ നെതന്യാഹുവിന് മാപ്പ് നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈ കേസ് വെറും വേട്ടയാടലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രംപ് തന്റെ ആവശ്യം ഉന്നയിച്ചത്. 'ഇസ്രായേലിന്റെ ചരിത്രത്തില്‍ നെതന്യാഹുവിനെപ്പോലെ പോരാളി വേറെയില്ല.
ഇത്തരത്തില്‍ ഒരു നേതാവിനെ വേട്ടയാടുന്നത് ശരിയല്ല. വിചാരണ റദ്ദാക്കണം, അല്ലെങ്കില്‍ അദ്ദേഹത്തിന് മാപ്പ് നല്‍കണം,' എന്നാണ് ട്രംപിന്റെ പോസ്റ്റ്. തിങ്കളാഴ്ച നെതന്യാഹു കോടതിയില്‍ ഹാജരാകുമെന്ന വിവരം തനിക്ക് ലഭിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ അമേരിക്കയുടെ പ്രധാനപ്പെട്ട സഖ്യകക്ഷികളില്‍ ഒരാളാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. നെതന്യാഹുവിന് മാപ്പ് നല്‍കാനുള്ള അധികാരം ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗിനാണ് ഉള്ളത്. എന്നാല്‍ ഇത്തരമൊരു നീക്കമോ അഭ്യര്‍ത്ഥനയോ ഉണ്ടായിട്ടില്ലെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.