സ്റ്റാൻഡ് ഇല്ല; മധ്യപ്രദേശിലെ ആശുപത്രിയിൽ ഡ്രിപ് കുപ്പി പിടിച്ചുനിന്ന് 72കാരി

ആശുപത്രി ജീവനക്കാര്‍ ഡ്രിപ്പ് സ്റ്റാന്‍ഡ് നല്‍കാത്തതിനെ തുടര്‍ന്ന്, ഡ്രിപ് കുപ്പി കൈയിൽ പിടിച്ചുനിന്ന് 72 വയസ്സുള്ള വയോധിക. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലെ സത്നയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. പരുക്കേറ്റ് ചികിത്സയിലുള്ള പേരക്കുട്ടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാനാണ് വയോധിക എത്തിയത്. അരമണിക്കൂറോളം കുപ്പി പിടിച്ചുനിൽക്കേണ്ടിവന്നു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. റോഡപകടത്തെ തുടര്‍ന്നാണ് വയോധികയുടെ പേരക്കുട്ടി 35 വയസ്സുള്ള അശ്വനി മിശ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൈഹാറില്‍ ആയിരുന്നു അപകടം. അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. വയോധിക കുപ്പി പിടിച്ചുനിൽക്കുന്നത് ആശുപത്രി ജീവനക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നു.
ജീവനക്കാരുടെ നിസ്സംഗതയാണ് ഈ ദുരിതത്തിന് കാരണമെന്ന് ആരോപണമുണ്ട്. ശരീരത്തിന് വിറ അനുഭവിക്കുന്ന ഘട്ടത്തിലാണ് മുത്തശ്ശി ഇത് പിടിച്ചുനിന്നത്. യുവാവിനെ കൊണ്ടുവന്ന ആംബുലന്‍സിന്റെ സ്ഥിതിയും പരിതാപകരമായിരുന്നു. ആശുപത്രി ഗേറ്റില്‍ അദ്ദേഹത്തെ ഇറക്കി വിടുകയായിരുന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ട്