ആസൂത്രണ ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യമില്ല; മുഖ്യമന്ത്രിയുടെ നടപടിക്കായി കാത്ത് മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഇക്കാര്യമുന്നയിച്ച് നല്കിയ കത്തില്‍ മുഖ്യമന്ത്രിയുടെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ് മന്ത്രി. നയരൂപീകരണത്തിലും ആസൂത്രണത്തിലും സുപ്രധാന പങ്കുവഹിക്കുന്ന ബോര്‍ഡില്‍ നിലവിലുള്ള അഞ്ച് വിദഗ്ദ്ധ അംഗങ്ങളും പുരുഷന്മാരാണെന്ന ഘടനാപരമായ പ്രശ്നമാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്.
ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നല്കുന്ന സംസ്ഥാനത്ത്, വികസന പ്രക്രിയയില്‍ സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി വ്യക്തമാക്കി. ബോര്‍ഡില്‍ ജെന്‍ഡര്‍ ഡെവലപ്മെന്റ് ചുമതല വിദഗ്ദ്ധ അംഗമായ ജി. വിജയരാഘവനാണ് നല്‍കിയിട്ടുള്ളതെങ്കിലും, പുതുതലമുറയുടെ കാഴ്ചപ്പാടുകള്‍ കൂടി ഉള്‍ക്കൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഒരു വനിതാ അംഗത്തിന്റെ സാന്നിധ്യം അത്യാവശ്യമാണെന്നാണ് ബിന്ദു കൃഷ്ണയുടെ നിലപാട്.
സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്കുന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രി. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ കൂടിയായ ബിന്ദു കൃഷ്ണ, വരാനിരിക്കുന്ന ബോര്‍ഡ്-കോര്പ്പറേഷന് പുനഃസംഘടനകളിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവിശ്യപ്പെട്ടിട്ടുണ്ട്.