സഭാ തർക്കത്തിൽ അയവില്ല. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ അപകീര്‍ത്തിപ്പെടുത്തിയ പ്രസ്താവനയ്‌ക്കെതിരെ മണർകാട് പള്ളിയിൽ ഇന്നു പ്രതിഷേധ സമ്മേളനം
കോട്ടയം: സഭാ തർക്കത്തിൽ അയവില്ല. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ അപകീര്‍ത്തിപ്പെടുത്തിയ പ്രസ്താവനയ്‌ക്കെതിരെ മണർകാട് പള്ളിയിൽ ഇന്നു പ്രതിഷേധ സമ്മേളനം. പ്രതിഷേധ സമ്മേളനത്തില്‍ യാക്കോബായ സുറിയാനി സഭയിലെ മേല്‍പ്പട്ടക്കാര്‍, സഭാ ഭാരവാഹികള്‍, വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അതേസമയം, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനത്തോടെയാണ് മലങ്കരസഭാതര്‍ക്കം വീണ്ടും രൂക്ഷമായതെന്ന സത്യം പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ തുറന്നുപറയാന്‍ ധൈര്യം കാട്ടിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.
ദേവലോകത്തേക്കുള്ള ക്ഷണം നിരാകരിച്ച് മലങ്കരസഭയുടെ മണര്‍കാട് ഉള്‍പ്പെടെയുള്ള ദേവാലയങ്ങളില്‍ പാത്രിയര്‍ക്കീസ് ബാവാ പ്രവേശിച്ചതോടെയാണ് സഭാസമാധാന നീക്കത്തിന് മേല്‍ കരിനിഴല്‍ വീണത്. ദേവലോകത്തേക്കുള്ള ക്ഷണം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ സ്വീകരിച്ചിരുന്നെങ്കില്‍ ആ തീരുമാനത്തെ ചരിത്രം തങ്കലിപികളാല്‍ അടയാളപ്പെടുത്തുമായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി അടക്കമുള്ളവരുടെ സമാധാന ആഹ്വാനത്തിന് തുരങ്കം വെക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്.
സഭാതര്‍ക്കത്തില്‍ ന്യായവും നീതിയുക്തവുമായ നിലപാട് മാത്രമേ സര്‍ക്കാര്‍ സ്വീകരിക്കൂവെന്ന വി.ഡി.സതീശന്റെ പ്രസ്താവന നീതി കാത്തിരിക്കുന്ന മലങ്കരസഭയ്ക്ക് പ്രതീക്ഷ പകരുന്നതാണെന്നു അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു.
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലും കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലും പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ നടത്തിയതായി പ്രചരിക്കുന്ന പരാമര്‍ശങ്ങളില്‍ മണര്‍കാട് പള്ളി മാനേജിങ്ങ്കമ്മിറ്റി പ്രതിഷേധിച്ചു. പാത്രിയര്‍ക്കീസ് ബാവയെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്.
മണര്‍കാട് പള്ളി സ്ഥാപിതകാലം മുതല്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ ആത്മീയ മേല്‍ക്കോയ്മയിലും യാക്കോബായ സുറിയാനി സഭയുടെ പാരമ്പര്യത്തിലും നിലനില്‍ക്കുന്ന ദൈവാലയമാണ്.
മണര്‍കാട് പള്ളിയുടെ ആരംഭകാലം മുതല്‍ അന്ത്യോഖ്യാ സിംഹാസനവുമായും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാമാരുമായും അഭേദ്യമായ ആത്മീയവും സഭാപരവുമായ ബന്ധമാണ് നിലനിന്നുവരുന്നത്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയുടെ ആത്മീയ നേതൃത്വത്തിലുള്ള മെത്രാപ്പോലീത്തമാരും വൈദികരുമാണ് മണര്‍കാട് പള്ളിയില്‍ വിശുദ്ധ ശുശ്രൂഷകള്‍ നിര്‍വഹിച്ചിട്ടുള്ളത്.
ദേവലോകം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍നിന്നുള്ള മെത്രാപ്പോലീത്തമാരോ വൈദികരോ ഈ ദൈവാലയത്തില്‍ വിശുദ്ധ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള ചരിത്രമില്ല.
മണര്‍കാട് പള്ളിയുടെ ഭരണവുമായി ബന്ധപ്പെട്ട് 1958-ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള ഭരണക്രമം പിന്തുടരണമെന്ന നിലപാട് മുന്‍സിഫ് കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വിധിക്കെതിരെ അപ്പീല്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നാളിതുവരെ പ്രസ്തുത ഭരണക്രമത്തില്‍ മാറ്റം വരുത്തുന്ന വിധത്തിലുള്ള ഉത്തരവ് ഉണ്ടായിട്ടില്ലെന്നാണ് മാനേജിംഗ് കമ്മിറ്റിയുടെ നിലപാട്.
മണര്‍കാട് പള്ളി യാക്കോബായ സുറിയാനി സഭയുടെ അന്ത്യോഖ്യാ പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന ദൈവാലയമാണെന്നും അതിന്റെ ഭരണവും സ്വത്തുക്കളും ചരിത്രപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നും മാനേജിങ്ങ് കമ്മിറ്റി പ്രഖ്യാപിച്ചു.
ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ നടത്തിയതായി അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായുള്ള കത്തീഡ്രലിന്റെ ചരിത്രപരവും ആത്മീയവുമായ ബന്ധം പൊതുസമൂഹത്തിനു ബോധ്യപ്പെടുത്തുന്നതിനുമായാണ് മണർകാട് പള്ളി മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്നു പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുന്നത്.