ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ക്രിസ്ത്യാനികൾക്ക് സ്ഥാനമില്ലാതായിരിക്കുന്നു?!

ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ക്രിസ്ത്യാനികൾക്ക് സ്ഥാനമില്ലാതായിരിക്കുന്നു?!
 

 
0999

 മൗനം പാലിക്കുന്ന സഭാനേതൃത്വത്തോടും ചില ചോദ്യങ്ങളുണ്ട്. 

ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പഠിക്കുന്നതിനായി യു.പി.എ. സർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റി 2006 നവംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. അതിന്റെ തൊട്ടുപിന്നാലെ കേരള സർക്കാർ, സച്ചാർ കമ്മിറ്റി നിർദേശങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും മുസ്ലിം സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പശ്ചാത്തലത്തിലാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് രൂപപ്പെട്ടത്. 
കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക സാഹചര്യം ദേശീയ ശരാശരിയെക്കാൾ വളരെ മുന്നിലാണ്. വസ്തുനിഷ്ഠമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നില്ല, പാലോളി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സച്ചാർ കമ്മിറ്റി നിർദ്ദേശിച്ചതിലും പതിന്മടങ്ങ് ആനുകൂല്യങ്ങൾ  കേരളത്തിൽ നടപ്പിലാക്കിയത്.

2008-ൽ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് രൂപീകരിക്കപ്പെട്ടു. പിന്നീട് ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട ഭരണസംവിധാനങ്ങൾ കൂടുതൽ വിപുലമായി. എന്നാൽ കേരളത്തിലെ ന്യൂനപക്ഷ ക്ഷേമനയങ്ങളുടെ പ്രായോഗിക നടത്തിപ്പിൽ ക്രൈസ്തവരോടുള്ള വിവേചനത്തിന് പരിഹാരം ആയിട്ടില്ല.
കേരളത്തിൽ ‘ന്യൂനപക്ഷം’ എന്ന വാക്ക് പ്രയോഗത്തിൽ ‘മുസ്ലിം ന്യൂനപക്ഷം’ എന്നതിന്റെ പര്യായമായി മാറ്റിയിരിക്കുന്നു.

ഭരണഘടന അംഗീകരിച്ച എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യയും യഥാർഥ പിന്നാക്കാവസ്ഥയും ആവശ്യകതയും പരിഗണിച്ച് നീതിപൂർവമായ പങ്കാളിത്തം ലഭിക്കുന്നില്ല.

ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട ബോർഡുകളിലും കമ്മിറ്റികളിലും ഭരണസംവിധാനങ്ങളിലും നിന്ന് വിവിധ ന്യൂനപക്ഷ സമുദായങ്ങളെ അകറ്റി നിർത്തിയിരിക്കുകയാണ്.  നിയമനങ്ങളുടെ മാനദണ്ഡങ്ങൾ എന്താണ്? അവ പരസ്യവും നീതിപൂർവവുമാണോ? അല്ല എന്നതാണ് യാഥാർത്ഥ്യം.

ഒരു ജനാധിപത്യ സർക്കാരിനോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് വർഗീയതയല്ല; മറിച്ച് ഭരണഘടനാപരമായ തുല്യത ആവശ്യപ്പെടലാണ്.

 പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രവും ചില ചോദ്യങ്ങളും 

കേന്ദ്രസർക്കാരിന്റെ "പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം" പോലുള്ള പദ്ധതികളുടെ കേരളത്തിലെ നടത്തിപ്പിലും സമാനമായ ചോദ്യങ്ങൾ ഉയരുന്നു.
പദ്ധതികൾക്കായി പ്രദേശങ്ങൾ തെരഞ്ഞെടുക്കുമ്പോഴും  മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.  മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങൾക്കാണ് മുൻഗണന ലഭിക്കുന്നത്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ ഗണ്യമായി താമസിക്കുന്നതും വികസനാവശ്യങ്ങൾ നേരിടുന്നതുമായ പ്രദേശങ്ങൾക്ക് തുല്യമായ പരിഗണന ലഭിക്കുന്നില്ല. കണക്കുകളും മാനദണ്ഡങ്ങളും സർക്കാർ പൊതുസമൂഹത്തിനു മുന്നിൽ വയ്ക്കണം.
വകുപ്പ് മന്ത്രി അദ്ദേഹത്തിൻ്റെ സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്നതുപോലെയാണ്. ഇത്  സത്യപ്രതിജ്ഞാലംഘനമാണ്.

 ക്രൈസ്തവ ജനപ്രതിനിധികൾ എവിടെ ?

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ഭരണത്തിലും നയരൂപീകരണത്തിലും ക്രൈസ്തവ സമൂഹത്തിന് കൂടുതൽ പങ്കാളിത്തം വേണമെന്ന ആവശ്യം പല ഘട്ടങ്ങളിലും ഉയർന്നിട്ടുണ്ട്.
എന്നാൽ നിയമസഭയിൽ ക്രൈസ്തവ ജനപ്രതിനിധികളുടെ ശക്തമായ ശബ്ദം എവിടെയാണ്?
പുറത്ത് മെത്രാന്മാരുടെ ശബ്ദം എവിടെയാണ്?
മെത്രാന്മാരുടെ നേതൃത്വത്തിലും അനുഗ്രഹത്തിലും പ്രവർത്തിക്കുന്ന അൽമായ സംഘടനകളുടെ നേതാക്കൾ എവിടെയാണ്?

സഭയുടെ സ്ഥാപനപരമായ താൽപര്യങ്ങൾക്ക് ചെറിയൊരു ഭീഷണി വന്നാൽ ശക്തമായി പ്രതികരിക്കുന്ന പുരോഹിത നേതൃത്വം, സാധാരണ ക്രൈസ്തവന്റെ വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സുരക്ഷ, ഭരണപങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ എന്തുകൊണ്ട് അതേ ശക്തിയിൽ സംസാരിക്കുന്നില്ല?
ഈ മൗനം യാദൃച്ഛികമാണോ?

 അൽമായർ അധികാരസ്ഥാനങ്ങളിൽ എത്തുന്നതിനെ സഭ ഭയപ്പെടുന്നുണ്ടോ ?

ഇതിലും അസ്വസ്ഥമാക്കുന്ന മറ്റൊരു ചോദ്യവും ചോദിക്കേണ്ടതുണ്ട്.
സഭയുടെ  അധികാരകേന്ദ്രങ്ങളിലും നയനിർണയ സംവിധാനങ്ങളിലും അൽമായരുടെ യഥാർഥ പങ്ക് എത്രയാണ്?

വിദ്യാഭ്യാസവും ഭരണപരിചയവും നിയമപരിജ്ഞാനവും സാമൂഹിക പ്രതിബദ്ധതയുമുള്ള ആയിരക്കണക്കിന് അൽമായർ ക്രൈസ്തവ സമൂഹത്തിലുണ്ട്. എന്നിട്ടും സഭയെ പ്രതിനിധീകരിക്കുന്ന പൊതുവേദികളിൽ വീണ്ടും വീണ്ടും പുരോഹിതരെയാണ് കാണുന്നത്.

ന്യൂനപക്ഷ ക്ഷേമ ബോർഡുകളിലും കമ്മിറ്റികളിലും മറ്റു സർക്കാർ സംവിധാനങ്ങളിലും  അൽമായർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാൻ സഭാനേതൃത്വം ശക്തമായി ആവശ്യപ്പെടാത്തത് എന്തുകൊണ്ട്?

അൽമായർ ശക്തരാകുന്നത് സഭയുടെ ശക്തിയാണോ, അതോ സഭാധികാരത്തിനു വെല്ലുവിളിയാണോ?
ഈ ചോദ്യം സഭയ്ക്കുള്ളിൽ തന്നെ ചർച്ച ചെയ്യേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

മതനേതൃത്വവും രാഷ്ട്രീയ അധികാരവും തമ്മിലുള്ള ബന്ധം. സമുദായത്തിന്റെ ക്ഷേമത്തിനു വേണ്ടിയാകണം.

രാഷ്ട്രീയ നേതാക്കളുമായും വ്യവസായികളുമായും വിവിധ സമുദായ നേതാക്കളുമായും സഭാനേതൃത്വം സൗഹൃദബന്ധം പുലർത്തുന്നത് സ്വാഭാവികമാണ്. എന്നാൽ അത്തരം ബന്ധങ്ങൾ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കരുത്. അങ്ങനെ വരുമ്പോൾ ആ ബന്ധത്തെ സംശയിക്കേണ്ടിവരും.

അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പം വിശ്വാസികളുടെ അവകാശങ്ങളെക്കാൾ പ്രധാനമാകുന്ന നിമിഷം മതനേതൃത്വത്തിന്റെ ധാർമ്മിക അധികാരം ദുർബലമാകുകയാണ്.

 യുവാക്കളോട് പറയുന്നതും പ്രവർത്തിക്കുന്നതും 

കേരളത്തിലെ ക്രൈസ്തവ യുവാക്കളെ യൂറോപ്പിലേക്ക് കുടിയേറ്റാൻ വൈദികരുടെ നേതൃത്വത്തിൽ ഭാഷാപരിശീലനം, തൊഴിൽ, വിസ തുടങ്ങിയവ സംഘടിപ്പിച്ചു കൊടുത്ത് വലിയ ഫീസ് വാങ്ങുന്നു.
 വിദേശ കുടിയേറ്റത്തെക്കുറിച്ച്,  കുടുംബങ്ങളും ഇടവകകളും ശൂന്യമാകുന്നതിനെക്കുറിച്ച് മെത്രാന്മാർ വേദികളിൽ പ്രസംഗിക്കുന്നു. 

യുവാക്കൾ കേരളം വിട്ടുപോകുന്നതിനെക്കുറിച്ച് വിലപിക്കാനല്ലാതെ, അവർക്ക് കേരളത്തിൽ തന്നെ മാന്യമായി ജീവിക്കാൻ ആവശ്യമായ വിദ്യാഭ്യാസ-തൊഴിൽ-സംരംഭക സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സഭാ നേതൃത്വം എന്താണ് ചെയ്യുന്നത്?
പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള ഈ വൈരുദ്ധ്യം പരിശോധിക്കപ്പെടണം.

 ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ — റിപ്പോർട്ട് എവിടെ? നടപടി എവിടെ? 

സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് ഉടൻ തന്നെ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി രൂപീകരിക്കുകയും നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുകയും ചെയ്ത ചരിത്രം ഇവിടെ പറഞ്ഞുകഴിഞ്ഞു.

അതേസമയം കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥയും ക്ഷേമപ്രശ്നങ്ങളും പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് 2023-ൽ സർക്കാരിന് സമർപ്പിച്ചു.

അതിനുശേഷം എന്തു സംഭവിച്ചു?
റിപ്പോർട്ടിലെ ശുപാർശകളിൽ എത്രയെണ്ണം നടപ്പാക്കി?
എത്രയ്ക്ക് സർക്കാർ ഉത്തരവിറക്കി?
എത്രയ്ക്ക് ബജറ്റ് വിഹിതം നൽകി?
എത്ര ശുപാർശകൾ ഇപ്പോഴും ഫയലുകളിൽ ഉറങ്ങുന്നു?
ഇക്കാര്യത്തിൽ സർക്കാരിനോട് നിരന്തരം കണക്കു ചോദിക്കേണ്ടത് ആരാണ്?
സഭാനേതൃത്വമല്ലേ?
ക്രൈസ്തവ ജനപ്രതിനിധികളല്ലേ?
അൽമായ സംഘടനകളല്ലേ?
എന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ആവശ്യമായ രാഷ്ട്രീയ-സാമൂഹിക സമ്മർദ്ദം ഉയരാത്തത്?

 സ്ഥാപനങ്ങളുടെ അവകാശവും വിശ്വാസികളുടെ അവകാശവും 

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണാവകാശങ്ങൾക്ക് പ്രതിസന്ധി നേരിടുമ്പോൾ സഭാനേതൃത്വം നിയമപരമായ പോരാട്ടത്തിന് ഇറങ്ങാറുണ്ട്. ആവശ്യമായാൽ രാജ്യത്തെ പരമോന്നത കോടതിവരെ പോകാനും മടിയില്ല.പക്ഷേ അതേ ജാഗ്രത സാധാരണ വിശ്വാസിയുടെ അവകാശങ്ങളുടെ കാര്യത്തിൽ കാണുന്നില്ല.
സ്ഥാപനങ്ങളുടെ വരുമാനത്തിന് വേണ്ടി പോരാടുന്നതുപോലെ, തൊഴിലില്ലാത്ത യുവാവിനുവേണ്ടി സംസാരിക്കുവാൻ മെത്രാന്മാർ തയ്യാറാകുന്നില്ല.

സ്ഥാപനത്തിന്റെ നിലനിൽപ്പ് സഭാ നേതൃത്വത്തിന്റെ അവകാശമാണെങ്കിൽ, വിശ്വാസിയുടെ നിലനിൽപ്പും അവന്റെ  (സഭയുടെ) അവകാശമല്ലേ?

 കണക്കു ചോദിക്കുന്നത് സഭാവിരോധമല്ല 

വിദേശസഹായം ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളിൽ നിയമം ആവശ്യപ്പെടുന്ന സുതാര്യതയും കണക്കെടുപ്പും പാലിക്കേണ്ടത് എല്ലാ സ്ഥാപനങ്ങളുടെയും ബാധ്യതയാണ്. നിയമപരമായ പരിശോധനയെ മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമെന്നു അവതരിപ്പിക്കുന്നത്  ശരിയായ സമീപനമല്ല. എഫ് സി ആർ എ വിഷയത്തെക്കുറിച്ചുള്ള മെത്രാന്മാരുടെ ആശങ്കയെ കുറിച്ചാണ് പറയുന്നത്. ഈ വിഷയത്തിൽ മെത്രാന്മാർക്ക് വിശ്വാസികളുടെ സഹകരണം ലഭിക്കാത്തകതെന്താണെന്ന് ചിന്തിക്കുന്നുണ്ടോ?

അധികാരികളോട് സ്വന്തം ജനതയുടെ അവകാശത്തെക്കുറിച്ച്  പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ മതനേതൃത്വത്തിന് എങ്ങനെയാണ് നഷ്ടമായത്?
സഭയ്ക്ക് സർക്കാരിനോട് കണക്കു ചോദിക്കാം.
അതുപോലെ വിശ്വാസികൾക്കും സഭയോട് കണക്കു ചോദിക്കാം.
അതാണ് ഉത്തരവാദിത്തമുള്ള സമൂഹത്തിന്റെ ലക്ഷണം.

അവസാനം, പ്രശ്നം ഇവിടെ എത്തുന്നു. സമ്പത്ത് സമ്പാദിക്കാൻ നിരന്തരം ഓടുന്ന പുരോഹിതർ
വിശ്വാസിയോട്   പ്രസംഗിക്കുന്നത് മരണാനന്തര സ്വർഗ്ഗത്തെക്കുറിച്ചാണ്.
പക്ഷേ സാധാരണ മനുഷ്യൻ, പുരോഹിതർ പ്രസംഗിക്കുന്ന "വൈരുദ്ധ്യാത്മക ആത്മീയ വാദം" മാറ്റിവെച്ച്   ഈ ഭൂമിയിൽ ജീവിക്കാൻ ഓടുന്നത് ഇവിടെ സ്വർഗ്ഗം സൃഷ്ടിക്കാൻ വേണ്ടിയാണ്.
അവന് മക്കളുടെ വിദ്യാഭ്യാസം വേണം.
തൊഴിൽ വേണം.
വീട് വേണം.
സാമൂഹിക സുരക്ഷ വേണം.
ഭരണത്തിൽ നീതിപൂർവമായ പങ്കാളിത്തം വേണം.അവന്റെ നികുതിപ്പണത്തിൽനിന്ന് നടപ്പാക്കുന്ന ക്ഷേമപദ്ധതികളിൽ അർഹമായ വിഹിതം വേണം. ഭരണത്തിൽ പങ്കാളിത്തം വേണം.
പുരോഹിത നേതൃത്വം അത്മായൻ്റെ  ജീവിതപ്രശ്നങ്ങളെക്കുറിച്ചു ശ്രദ്ധാലുക്കൾ അല്ല

ആത്മീയത മനുഷ്യനെ ഭൂമിയിലെ അനീതികളോട് നിശ്ശബ്ദനാക്കാനുള്ള ഉപകരണമാക്കരുത്. നിർഭാഗ്യകരം എന്ന് പറയട്ടെ അതിനുവേണ്ടിയുള്ള പരിശീലനം ചില വൈദികരുടെ ധ്യാന പ്രസംഗങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. മറിച്ച് അനീതിക്കെതിരെ ശബ്ദമുയർത്താനുള്ള ധാർമ്മികശക്തിയാകണം.

അതുകൊണ്ട് സർക്കാരിനോടും സഭാനേതൃത്വത്തോടും ഒരേസമയം ചോദിക്കേണ്ടതുണ്ട്:

കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ ക്രിസ്ത്യാനികൾക്ക് അർഹമായ സ്ഥാനം എവിടെ?
ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശകൾ നടപ്പാക്കാൻ എന്താണ് തടസ്സം?

ന്യൂനപക്ഷ ക്ഷേമ സംവിധാനങ്ങളിൽ ക്രൈസ്തവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ  ശബ്ദമുയർത്തേണ്ടത് അത്മായ സംഘടനകളെ നയിക്കുന്ന മെത്രാന്മാരാണ്.

വിശ്വാസികളുടെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കേണ്ട സമയത്ത് സഭാനേതൃത്വം മൗനം പാലിക്കുന്നുവെങ്കിൽ, ആ മൗനത്തെ ചോദ്യം ചെയ്യാൻ വിശ്വാസികൾ തന്നെ മുന്നോട്ടുവരണം.

മതനേതൃത്വത്തെ വിമർശിക്കുന്നത് മതത്തെ വിമർശിക്കുന്നതല്ല.
സഭയെ സ്നേഹിക്കുന്നതിന്റെ അർത്ഥം സഭാധികാരികളുടെ എല്ലാ നിലപാടുകൾക്കും കൈയടിക്കുക എന്നുമല്ല.

അധികാരത്തോട് കണക്കു ചോദിക്കുന്നതും തെറ്റിനെ തെറ്റെന്ന് പറയുന്നതുമാണ് ഉത്തരവാദിത്തമുള്ള അൽമായന്റെ കടമ.

ഡോമിനിക്ക് സാവിയോ 
വാച്ചാച്ചിറയിൽ

Tags

Share this story

From Around the Web