ഇലക്ട്രിക് വാഹനങ്ങള്‍ ടാക്സിയാക്കുന്നതില്‍ യാതൊരു തടസ്സവുമില്ല; വ്യാജപ്രചരണങ്ങളില്‍ വിശദീകരണവുമായി എംവിഡി
ലോകത്താകമാനം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കി തുടങ്ങി. സ്വകാര്യ ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനുമെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം ദിനപ്രതി വര്‍ധിച്ച് വരികയാണ്. ഇന്ത്യയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ഫ്ളീറ്റ് ഓപ്പറേറ്റര്‍മാരും സജീവമാണ്. കേരളത്തിലെ നിരത്തുകളിലും ടാക്സിയായി ഓടുന്ന ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും കാണാനാകും.
ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്സി പെര്‍മിറ്റും രജിസ്ട്രേഷനും നല്‍കുന്നില്ലെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉയരുന്നത്. ഈ വ്യാജപ്രചരണങ്ങള്‍ക്കെതിരേ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വസ്തുതകള്‍ നിരത്തി തെളിയിക്കുകയാണ് എംവിഡി.
കേന്ദ്ര-സംസ്ഥാന മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആര്‍.ടി.ഒ. വഴി ടാക്സി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ടാക്സിയാക്കി മാറ്റുന്നതിന് പ്രത്യേകിച്ച് തടസ്സങ്ങളോ നിരോധനങ്ങളോ നിലവില്‍ ഇല്ലെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിക്കുന്നത്.
മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
കേന്ദ്ര-സംസ്ഥാന മോട്ടോര്‍ വാഹന നിയമങ്ങള്‍ (CMVR/KMVR) അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആര്‍.ടി.ഒ വഴി ടാക്സി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഈ വിഷയത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ താഴെ പറയുന്നവയാണ്:
കേരളത്തില്‍ ഒരു ഇലക്ട്രികോ അല്ലാത്തതോ ആയ വാഹനം ടാക്സിയായി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കാര്യങ്ങള്‍ ഇവയാണ്:
• CMVR 118 പ്രകാരം വേഗത 80 km/h ആയി ക്രമീകരിക്കുന്ന, AIS 018 മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്പീഡ് ഗവേണര്‍ ഘടിപ്പിച്ചിരിക്കണം.
• CMVR 125H, KMVR 151A എന്നിവ പ്രകാരമുള്ള AIS 0140 മാനദണ്ഡങ്ങള്‍ പാലിക്കുന്ന അംഗീകൃത വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് നിര്‍ബന്ധമാണ്.
• CMVR 50, 51 പ്രകാരം ഇലക്ട്രിക് ടാക്സികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള പച്ച പശ്ചാത്തലത്തില്‍ മഞ്ഞ അക്ഷരങ്ങളുള്ള നമ്പര്‍ പ്ലേറ്റ് വേണം ഉപയോഗിക്കാന്‍.
• ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാധകമായ ടാക്സേഷന്‍ നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം.
• ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്സിയാകാന്‍ പ്രത്യേകിച്ചൊരു നിരോധനമോ മറ്റ് തടസ്സങ്ങളോ നിലവിലില്ല.
മേല്‍പ്പറഞ്ഞ സാങ്കേതിക സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി അപേക്ഷിക്കുന്ന പക്ഷം, ടാക്സിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു തടസ്സവുമില്ല. കൂടാതെ നിലവില്‍ പെര്‍മിറ്റ് ആവശ്യമില്ല എന്ന ആനുകൂല്യം കൂടിയുണ്ട്.
എന്നാല്‍, വാഹന നിര്‍മ്മാതാക്കള്‍ ചില മോഡലുകള്‍ 'വ്യക്തിഗത ഉപയോഗത്തിന്' (Personal Vehicle) വേണ്ടിയും മറ്റു ചിലത് 'കമേഴ്‌സ്യല്‍/ഫ്ളീറ്റ്' ആവശ്യങ്ങള്‍ക്ക് വേണ്ടിയുമാണ് നിര്‍മ്മിക്കുന്നത്. വ്യക്തിഗത ആവശ്യത്തിന് വാങ്ങുന്ന വാഹനങ്ങള്‍ പിന്നീട് ടാക്സിയായി മാറ്റുമ്പോള്‍ (NTV to TV) മോട്ടോര്‍ വാഹന വകുപ്പ് അത് തടയുന്നില്ല.
അതേസമയം, ചില കമ്പനികളുടെ മോഡലുകള്‍ വ്യക്തിഗത വാഹനങ്ങള്‍ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിര്‍മ്മാതാക്കള്‍ നല്‍കുന്ന വാറന്റി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവയിലും കമ്പനികള്‍ക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കാം. വാഹനം നിര്‍മ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും MVD യുടെ രജിസ്ട്രേഷന്‍ നടപടികളും തമ്മില്‍ കൂട്ടിക്കുഴച്ചാണ് രജിസ്ട്രേഷന്‍ നിഷേധിക്കുന്നു എന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
നിയമാനുസൃതമായ സ്പീഡ് ഗവേണറും ട്രാക്കിങ് ഡിവൈസും ഘടിപ്പിച്ച് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഏത് വാഹനത്തിനും കേരളത്തില്‍ ടാക്സി രജിസ്ട്രേഷന്‍ ലഭിക്കുന്നതാണ്. അതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്സി രജിസ്ട്രേഷന്‍ നിഷേധിക്കുന്നുവെന്ന പ്രചാരണങ്ങളില്‍ വസ്തുതയില്ല എന്നറിയിച്ചുകൊള്ളുന്നു.