വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ല, മുന്‍ സര്‍ക്കാരിനും ഈ പ്രതിസന്ധിയില്‍ ഉത്തരവാദിത്തമുണ്ട്; സുരേഷ് ഗോപി!
കൊച്ചി: സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുന്‍ സര്‍ക്കാരുകള്‍ക്കെല്ലാം ഈ പ്രതിസന്ധിയില്‍ ഉത്തരവാദിത്തമുണ്ടെന്നും, ഇപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് ദുഷ്ടലാപ്പോടെയാണെന്നും സുരേഷ് ഗോപി തുറന്നടിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇന്നലെയും നൂറു ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനായി തത്സമയ വിപണിയില്‍ നിന്ന് ഉയര്‍ന്ന വില നല്‍കി കെ.എസ്.ഇ.ബി കൂടുതല്‍ വൈദ്യുതി വാങ്ങിയതോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ വൈദ്യുതി ലഭിച്ചതും, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം കൂടിയതും ആശ്വാസമായി.
എന്നാല്‍ ഈ മാസത്തേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ഹ്രസ്വകാല കരാറുകള്‍ ഉറപ്പിക്കുന്നതില്‍ കെ.എസ്.ഇ.ബിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിസന്ധികള്‍ നേരത്തെ തിരിച്ചറിഞ്ഞിട്ടും മുന്‍കൂട്ടി കരാറുകള്‍ ഉണ്ടാക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. വരും മാസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാന്‍ മൈലാട്ടി, മുള്ളേരിയ, ശ്രീകണ്ഠാപുരം, അരീക്കോട്, പോത്തന്‍കോട് തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, സോളാര്‍ വൈദ്യുതി ശേഖരിച്ചു വെക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ കരാര്‍ പ്രകാരമുള്ള വൈദ്യുതി കെ.എസ്.ഇ.ബി. സറണ്ടര്‍ ചെയ്യുകയാണെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.