വോട്ടർപട്ടികയിൽ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ ഹിയറിങ്ങിന് ഹാജരായി
തിരുവനന്തപുരം: 2002 ലെ വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു.ഖേൽക്കറിനും ഹിയിറങ്. ശനിയാഴ്ച രാവിലെ പത്തോടെ കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു സി.ഇ.ഒ ഹിയറിങ്ങിന് ഹാജരായത്.
കർണ്ണാടക സ്വദേശിയായ രത്തൻ യു.ഖേൽക്കറുടെ പേര് എസ്.ഐ.ആർ പട്ടികയിലിലില്ല. രക്ഷിതാക്കളും കർണ്ണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിൽ കേരളത്തിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും 2002 ലെ കേരളത്തിലെ പട്ടികയിലോ കർണ്ണാടകയിലെ എസ്.ഐ.ആർ പട്ടികയിലോ പേരില്ലാത്തതിനാൽ മാപ്പിങിന് സാധിച്ചിരുന്നില്ല.
എന്യൂമറേഷൻ ഫോം പൂരിപ്പിച്ചപ്പോൾ ഇക്കാര്യം സി.ഇ.ഒ രേഖപ്പെടുത്തിയിരുന്നു. ഒപ്പം പാസ്പോർട്ടിന്റെ കോപ്പിയും എന്യൂമറേഷൻ ഫോമിനൊപ്പം സി.ഇ.ഒ നൽകിരുന്നു.
ഇതിന് പിന്നാലെ ഹിയറിങ്ങിന് ബി.എൽ.ഒ വഴി ഇ.ആർ.ഒ നോട്ടീസ് നൽകി. അങ്ങനെയാണ് ശനിയാഴ്ച കവടിയാർ വില്ലേജ് ഓഫീസിലെ ഹിയറിങ്ങിനെത്തിയത്. തിരിച്ചറിൽ രേഖയായി പാസ്പോർട്ടിന്റെ കോപ്പി ഹാജരാക്കി. പിന്നാലെ ഇ.ആർ.ഒ വെരിഫൈ ചെയ്യുകയും ചെയ്തു.
ഏതാനും മിനിട്ടുകൾ കൊണ്ട് തന്നെ നടപടി പൂർത്തിയാക്കി. 2002 ൽ താൻ സർവീസിൽ ഇല്ലായിരുന്നുവെന്നും ആസമയത്ത് കർണ്ണാടകയിലായിരുന്നുവെന്നും രത്തൻ യു.ഖേൽക്കർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.