അവധി ദിവസമില്ല, ഇത്തവണ ബജറ്റ് ഞായറാഴ്ച! നിര്‍മല സീതാരാമന്‍ ചരിത്രം തിരുത്തുന്നു

 
nirmala



ന്യൂഡല്‍ഹി:202627 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി തീയതികള്‍ക്ക് അംഗീകാരം നല്‍കി. ഇതനുസരിച്ച് ഫെബ്രുവരി ഒന്ന് ഞായറാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 

സാധാരണയായി പ്രവൃത്തിദിവസങ്ങളില്‍ നടക്കാറുള്ള ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ചയാകുന്നത് വലിയ ആകാംക്ഷയാണ് ജനിപ്പിക്കുന്നത്. 

ജനുവരി 28-ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് ജനുവരി 29-ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

സ്വതന്ത്ര ഇന്ത്യയുടെ 88-ാമത് ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന നിര്‍മല സീതാരാമനെ കാത്തിരിക്കുന്നത് അത്യപൂര്‍വ്വമായ ഒരു നേട്ടമാണ്. തുടര്‍ച്ചയായി ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം ഇതോടെ അവര്‍ക്ക് സ്വന്തമാകും. 
പത്ത് ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡിന് തൊട്ടടുത്തെത്തുകയാണ് ഇവര്‍. പി. ചിദംബരം ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി ഒന്‍പത് തവണ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഇത്തവണ നിര്‍മല സീതാരാമനെ വ്യത്യസ്തയാക്കുന്നു.


ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമാണെങ്കിലും വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷം ശനിയാഴ്ചയായിരുന്നു ബജറ്റ് അവതരണം നടന്നത്. നേരത്തെ അരുണ്‍ ജെയ്റ്റ്ലിയും ശനിയാഴ്ചകളില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. 2017 മുതലാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ മാസത്തോടെ തന്നെ നടപ്പിലാക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ തീയതി ഫെബ്രുവരി അവസാനത്തില്‍ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.

Tags

Share this story

From Around the Web