'ഷാഫിയുമായി ഗുരു-ശിഷ്യ ബന്ധമൊന്നുമില്ല, 'വണ്‍-ടു-ത്രീ അറ്റാക്ക്' എന്ന് പറയാന്‍ ഒരു സേനയെയും വിന്യസിച്ചിട്ടില്ല'; രാഹുല്‍ മാങ്കൂട്ടത്തില്‍

 
rahul
രാജ്‌മോഹന്‍ ഉണ്ണിത്താനോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ സംശയമുണ്ടെങ്കില്‍ പരാതിയുമായി മുന്നോട്ടുപോകാം. ഏതൊരു കോണ്‍ഗ്രസുകാരനും വിശ്വസിക്കാവുന്ന സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. പരാതി നല്‍കിയാല്‍ കൃത്യമായി അന്വേഷിച്ച് തന്റെ പങ്കുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കഴിയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
 

കോഴിക്കോട്: താന്‍ ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഷാഫി പറമ്പിലുമായി ഗുരു-ശിഷ്യ ബന്ധമൊന്നുമില്ലെന്നും വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. വ്യക്തിപരമായി പേര് പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍പ്പോലും നാട്ടില്‍ വിവാദങ്ങളുണ്ടാകുമ്പോള്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്ന ഒരു പ്രവണത ചില മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 


ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തുള്ളവര്‍ക്കെതിരെയോ പുറത്തുള്ളവര്‍ക്കെതിരെയോ സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. അഭിപ്രായങ്ങള്‍ സ്വന്തം പ്രൊഫൈലിലൂടെ പറയാറുണ്ടെന്നല്ലാതെ 'വണ്‍-ടു-ത്രീ അറ്റാക്ക്' എന്ന പേരില്‍ ഒരു സേനയെയും വിന്യസിച്ചിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.


രാജ്‌മോഹന്‍ ഉണ്ണിത്താനോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ സംശയമുണ്ടെങ്കില്‍ പരാതിയുമായി മുന്നോട്ടുപോകാം. ഏതൊരു കോണ്‍ഗ്രസുകാരനും വിശ്വസിക്കാവുന്ന സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. പരാതി നല്‍കിയാല്‍ കൃത്യമായി അന്വേഷിച്ച് തന്റെ പങ്കുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കഴിയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഷാഫി പറമ്പില്‍ തന്റെ ഗുരുവാണെന്നും ഗുരു-ശിഷ്യ ബന്ധമാണെന്നുമുള്ള വാദം ശരിയല്ല. സഹോദരസ്‌നേഹമാണ് എക്കാലത്തും ഉള്ളത്. കൂടെയുള്ള ഒരാള്‍ക്ക് പ്രതിസന്ധി വരുമ്പോള്‍ അത് ചെയ്തത് താനായിരിക്കുമെന്നോ പ്രതിരോധിച്ചത് താനായിരിക്കുമെന്നോ കരുതുന്നതിനെ പൊതുപ്രവര്‍ത്തന ജീവിതത്തിലെ പോസിറ്റീവ് വശമായി കാണുന്നു. എന്നാല്‍ അത്തരമൊരു സൈബര്‍ അറ്റാക്ക് താന്‍ നടത്തിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.


സൈബര്‍ ഇടത്തിലെ അഭിപ്രായപ്രകടനങ്ങളെ സൈബര്‍ അറ്റാക്ക് എന്ന് വിളിക്കാമെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടായിട്ടുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അന്‍വറിനെ കാണാന്‍ പോയ സമയത്ത് കോണ്‍ഗ്രസിന്റെ പ്രധാന മുഖങ്ങളടക്കം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 അന്ന് എടുത്ത നിലപാട് പിഴച്ചുപോയെന്ന് സ്വയം തോന്നിയിട്ടുമുണ്ട്. പിന്നീട് കേസുകള്‍ വന്നപ്പോഴും സമാനമായ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയും ക്രൂരമായ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. അധികാരത്തിലിരിക്കെ തനിക്കെതിരെയും നിരന്തര പ്രചാരണങ്ങള്‍ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. 

സമൂഹമാധ്യമങ്ങളുടെ തുടക്കകാലം മുതല്‍ ഉപയോഗിക്കുന്ന വ്യക്തിയെന്ന നിലയില്‍, അത് ആരുടെയെങ്കിലും ക്വട്ടേഷനോ കുത്തകയോ ആക്കാന്‍ കഴിയുന്ന ഇടമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web