വധഭീഷണികളിലും വീട് ആക്രമിക്കുമെന്ന മുന്നറിയിപ്പുകളിലും ഭയമില്ല. തന്റെ ജീവിതം ദൈവത്തിന്റെ കരങ്ങളില്‍: മേഘാലയ മുഖ്യമന്ത്രി

 
conrad sangma

മേഘാലയ: തനിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന വധഭീഷണികളിലും വീട് ആക്രമിക്കുമെന്ന മുന്നറിയിപ്പുകളിലും ഭയമില്ലെന്നും തന്റെ ജീവിതം ദൈവത്തിന്റെ കരങ്ങളിലാണെന്നും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ.

അടുത്തിടെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഒരു പ്രതിഷേധക്കാരന്‍ മുഖ്യമന്ത്രിയുടെ വീട് കത്തിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ഭീഷണികളെ താന്‍ ഗൗരവമായി കാണുന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, തന്റെ ക്രിസ്തീയ വിശ്വാസത്തെ ഉയര്‍ത്തിപ്പിടിച്ചാണ് മറുപടി നല്‍കിയത്. 'എന്റെ ജീവിതം ദൈവത്തിന്റേതാണ്. എന്റെ ജീവിതം ദൈവത്തിന്റെ കൈകളിലാണ്. അവന്‍ അനുവദിക്കാതെ ഒന്നും സംഭവിക്കില്ല. അതുകൊണ്ട് ഇത്തരം ഭീഷണികള്‍ എന്നെ തളര്‍ത്തില്ല,' എന്ന്  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

മേഘാലയയിലെ തൊഴിലില്ലായ്മയും സംവരണ നയങ്ങളുമായി ബന്ധപ്പെട്ട് ചില സംഘടനകള്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് അക്രമാസക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. 

മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം നടത്തുമെന്നും തീയിടുമെന്നും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും പ്രചാരണങ്ങള്‍ നടന്നിരുന്നു.

 ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്കും കുടുംബത്തിനും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പാതയല്ല, മറിച്ച് ചര്‍ച്ചയുടെയും സമാധാനത്തിന്റെയും പാതയാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ അക്രമം കൊണ്ട് ഒന്നും നേടാനാവില്ലെന്നും സാങ്മ കൂട്ടിച്ചേര്‍ത്തു. സമാധാനം നിലനിര്‍ത്താന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

 തന്റെ രാഷ്ട്രീയ നിലപാടുകളേക്കാള്‍ ഉപരിയായി, പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച ഉറച്ച ദൈവവിശ്വാസം ഇപ്പോള്‍ മേഘാലയയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Tags

Share this story

From Around the Web