'അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് ഒരു ക്ഷണക്കത്ത് പോലും തരാത്തതില്‍ പരാതിയില്ല, പക്ഷേ എല്ലാം ജനങ്ങള്‍ക്കറിയാം'; പാലം ഉദ്ഘാടനത്തില്‍ ക്ഷണിക്കാത്തതില്‍ ജി. സുധാകരന്‍
 

 
sudhakaran


 

 
ആലപ്പുഴ: ജില്ലയിലെ മാക്കേകടവ്- നേരെകടവ് പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ജി. സുധാകരന്‍ എംഎല്‍എ.

 ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് താന്‍ പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോള്‍ നേരിട്ട് വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച ശേഷമാണ് പാലത്തിനായി 80 കോടിയോളം രൂപ അനുവദിക്കുകയും വൈക്കം ഭാഗത്ത് തറക്കല്ലിടുകയും ചെയ്തത്. 

അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് ഒരു ക്ഷണക്കത്ത് പോലും തരാത്തതില്‍ പരാതിയില്ലെന്നും പക്ഷേ എല്ലാം ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ആലപ്പുഴ, കോട്ടയം ജില്ലാ നിവാസികള്‍ക്ക് യാത്രാക്ലേശം വലിയ തരത്തില്‍ പരിഹരിക്കുന്ന ഒരു ഗംഭീര പാലം നിര്‍മ്മാണ പദ്ധതിയാണ് പൂര്‍ത്തിയായത്. ഉദ്ഘാടന വേദിയില്‍ അവകാശവാദങ്ങള്‍ നടന്നതായി പത്രത്തില്‍ കണ്ടു. വേദിയില്‍ പാലം നിര്‍മ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാള്‍ അന്ന് എംഎല്‍എ ആയിരുന്ന ആരിഫ് ആണ്. 

യഥാര്‍ഥ കാര്യങ്ങള്‍ വസ്തുതാപരമായി വിശദീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവോ എന്നത് അറിയില്ല. അന്ന് അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നത് നടക്കില്ലായിരുന്നു. ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്. അത് അവര്‍ക്ക് അറിയില്ല. എന്നാല്‍ ഷാനിമോള്‍ക്ക് അത് നന്നായി അറിയാം -ജി. സുധാകരന്‍ പറഞ്ഞു.

ജി. സുധാകരന്റെ പോസ്റ്റ്....
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് ഉദ്ഘാടനം നടന്ന മാക്കേകടവ്- നേരെകടവ് പാലം ആലപ്പുഴ, കോട്ടയം ജില്ലാ നിവാസികള്‍ക്ക് യാത്രാക്ലേശം വലിയ തരത്തില്‍ പരിഹരിക്കുന്ന ഒരു ഗംഭീര പാലം നിര്‍മ്മാണ പദ്ധതിയാണ്. ഇന്നലെ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും സ്ഥലം എംഎല്‍എയെയും പിന്നെ സംഘാടകര്‍ക്ക് താല്പര്യമുള്ളവരെയും പങ്കെടുപ്പിച്ച് ഉദ്ഘാടനം ഗംഭീരമായി നടത്തി. പാലത്തോട് ജനങ്ങളുടെ ഇഷ്ടം ആള്‍ക്കൂട്ട വലിപ്പത്തില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളതാണ്.


ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോള്‍ നേരിട്ടു വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച ശേഷമാണ് പാലത്തിനായി 80 കോടിയോളം രൂപ അനുവദിക്കുകയും വൈക്കം ഭാഗത്ത് തറക്കല്ലിടുകയും ചെയ്തത്. പൂര്‍ത്തിയാക്കുമ്പോള്‍ ഉദ്ഘാടനം ആലപ്പുഴ ഭാഗത്ത് നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍ ആലപ്പുഴ ഭാഗത്തെ ഒന്ന് രണ്ട് വീട്ടുകാര്‍ ഒരുകാരണവശാലും അപ്പ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ സ്ഥലം തരില്ല എന്നു വാശിപിടിച്ചു. ബലം പിടിച്ചു മാറ്റേണ്ടതില്ല എന്ന് സര്‍ക്കാരും തീരുമാനിച്ചു. അതിനാല്‍ നിര്‍മ്മാണം നീണ്ടുപോയി.

ഏതായാലും പാലം പൂര്‍ത്തിയായി ഉദ്ഘാടന വേദിയില്‍ അവകാശവാദങ്ങള്‍ നടന്നതായി പത്രത്തില്‍ കണ്ടു. വേദിയില്‍ പാലം നിര്‍മ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാള്‍ അന്ന് എംഎല്‍എ ആയിരുന്ന ആരിഫ് ആണ്. 


യഥാര്‍ത്ഥ കാര്യങ്ങള്‍ വസ്തുതാപരമായി വിശദീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവോ എന്നത് അറിയില്ല. അന്ന് അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നത് നടക്കില്ലായിരുന്നു. 


ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്. അത് അവര്‍ക്ക് അറിയില്ല. എന്നാല്‍ ഷാനിമോള്‍ക്ക് അത് നന്നായി അറിയാം.

ഇതുമായി ബന്ധപ്പെട്ട ഒരു ക്ഷണക്കത്ത് പോലും ഇന്ന് എംഎല്‍എ ആയിരിക്കുന്ന അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് തരാതിരുന്നതില്‍ ഒരു പരാതിയുമില്ല. പക്ഷേ എല്ലാം ജനങ്ങള്‍ക്കറിയാം.

 നൂറുകോടി രൂപയുടെ പെരുമ്പളം പാലം, 80 കോടി രൂപയുടെ മാക്കേക്കടവ്-നേരെ കടവ് പാലം, ചേര്‍ത്തലയിലെ നെടുമ്പ്രകാട് പാലം തുടങ്ങി 500 പാലങ്ങളാണ് 2016-2021 കാലയളവില്‍ പൊതുമരാമത്ത് മന്ത്രി എന്ന നിലയില്‍ കേരളത്തില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇനിയും പൂര്‍ത്തീകരിക്കാന്‍ പാലങ്ങള്‍ ബാക്കി കിടക്കുന്നു. പാലം സാക്ഷാത്കരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

Tags

Share this story

From Around the Web