സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയില്‍ ഉണ്ടായ വലിയ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം ഇന്ന് വില സ്ഥിരതയാര്‍ജ്ജിച്ചിരിക്കുകയാണ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് 15,000 രൂപയും, ഒരു പവന്‍ സ്വര്‍ണ്ണത്തിന് (8 ഗ്രാം) 1,20,000 രൂപയുമാണ് വിപണി നിരക്ക്.
ശനിയാഴ്ച രേഖപ്പെടുത്തിയ അതേ വിലയില്‍ തന്നെ വ്യാപാരം തുടരുന്നത് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് കുതിച്ചിരുന്നെങ്കിലും കഴിഞ്ഞ വാരം പകുതിയോടെ വില താഴേക്ക് വന്നിരുന്നു.
ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഉയര്‍ന്നുനില്‍ക്കുന്നത് വരും ദിവസങ്ങളിലും കേരളത്തിലെ വിലയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. അവധി ദിവസമായതിനാല്‍ ഇന്ന് വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും തിങ്കളാഴ്ച വിപണി തുറക്കുമ്പോള്‍ വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, മുകളില്‍ സൂചിപ്പിച്ച നിരക്കുകള്‍ സ്വര്‍ണ്ണത്തിന്റെ വിപണി വില മാത്രമാണെന്നതാണ്.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഈ തുകയോടൊപ്പം കുറഞ്ഞത് 5% മുതല്‍ 20% വരെ പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും (ഏടഠ), ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും നല്‍കേണ്ടി വരും.
അതിനാല്‍ ഒരു പവന്‍ ആഭരണം കയ്യില്‍ കിട്ടുമ്പോള്‍ ഏകദേശം 1.30 ലക്ഷം രൂപയോ അതിന് മുകളിലോ ചെലവ് വന്നേക്കാം.