ബൈബിളില്ലാതെ അമേരിക്കയില്ല’:രാജ്യത്തിന്റെ ക്രൈസ്തവ പൈതൃകം പരസ്യമായി പ്രഖ്യാപിച്ച് ‘അമേരിക്ക റീഡ്സ് ദി ബൈബിള്‍’
വാഷിംഗ്ടണ്‍ ഡിസി: സമാനതകളില്ലാത്ത ഒരു വിശ്വാസ സംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ് യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി. യുഎസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള 500 പ്രമുഖര്‍ ചേര്‍ന്ന് ബൈബിള്‍ ആദ്യാവസാനം തുടര്‍ച്ചയായി വായിക്കുന്ന ‘അമേരിക്ക റീഡ്സ് ദി ബൈബിള്‍’ എന്ന പരിപാടിയിലൂടെ അമേരിക്കയുടെ ക്രൈസ്തവ വിശ്വാസ പൈതൃകം ഒരിക്കല്‍ കൂടെ പരസ്യമായി പ്രഖ്യാപിക്കുന്ന കാഴ്ചയ്ക്കാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ‘മ്യൂസിയം ഓഫ് ദി ബൈബിള്‍’ ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്.
‘അമേരിക്ക റീഡ്സ് ദി ബൈബിള്‍’എന്ന ഈ പദ്ധതിയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 500-ഓളം പ്രമുഖരാണ് അണിനിരക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കും കലാരംഗത്തെ പ്രമുഖര്‍ക്കുമൊപ്പം ക്രൈസ്തവ നേതാക്കളും ചേര്‍ന്ന് ബൈബിളിലെ ഉല്പത്തി പുസ്തകം മുതല്‍ വെളിപാട് വരെയുള്ള ഓരോ വരിയും ഏപ്രില്‍ 18-25 വരെ വായിക്കുന്നു.
സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് പോലും ഭാഗമാകുന്നു എന്നത് അതിശയകരമാണെന്ന് പരിപാടിയുടെ സംഘാടകയായ ബണ്ണി പൗണ്ട്‌സ് പറഞ്ഞു.
‘ഉപയോഗിച്ച് പഴകിയ ബൈബിള്‍ കുത്തഴിയാത്ത ജീവിതത്തിന്റെ സൂചന’യാണെന്ന് തുടക്കത്തില്‍ തന്നെ ബൈബിള്‍ വായിച്ച യുഎസിലെ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു. ‘ബൈബിളില്ലാതെ അമേരിക്കയില്ല.
അത് ഈ രാജ്യത്തിന്റെ അടിസ്ഥാനശിലയാണ്,’എന്നാണ് ബൈബിള്‍ വായനയില്‍ പങ്കെടുത്ത റീജന്റ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലെ ഡീനായ മിഷേല്‍ ബാച്ച്മാന്‍ പറഞ്ഞു.