ആഗോള ആരോഗ്യമേഖലയില്‍ ആള്‍ക്ഷാമം. ഇന്ത്യയിലും മതിയായ ഡോക്ടര്‍മാരും നഴ്സുമാരുമില്ല. ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഡല്‍ഹി: ലോകത്തിലാകെ 3 കോടി 44 ലക്ഷം ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമമുണ്ടെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ദന്തഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പ്രസവശുശ്രൂഷകര്‍ തുടങ്ങി സാര്‍വത്രിക ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് മതിയായ ആരോഗ്യപ്രവര്‍ത്തകരില്ലെന്നാണ് ലാന്‍സറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഏറ്റവും കൂടുതല്‍ ദക്ഷിണേഷ്യയിലും സബ് സഹാറന്‍ ആഫ്രിക്കയിലുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ 10,000 പേര്‍ക്ക് 75 ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. അതായത് 10,000 പേര്‍ക്ക് 10.5 ഡോക്ടര്‍മാര്‍, 10.8 നഴ്സുമാര്‍, 8.1 ഫാര്‍മസിസ്റ്റുകള്‍, 1.2 പ്രസവശുശ്രൂഷകര്‍ എന്നിങ്ങനെ. ചൈനയില്‍ ഇത് 10,000 പേര്‍ക്ക് 130 ആരോഗ്യപ്രവര്‍ത്തകര്‍ എന്ന നിലയിലാണ്.
അതേസമയം 1990ല്‍ നിന്നും 2023ലേക്ക് എത്തുമ്പോള്‍ ആഗോളതലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് 4.9 കോടിയില്‍ നിന്നും 12.21 കോടിയായി ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടി. എന്നാല്‍ ഈ കണക്കുകളൊന്നും തന്നെ നേരിടുന്ന ആള്‍ക്ഷാമത്തിന്റെ തീവ്രത കുറയ്ക്കാന്‍ പോന്നതല്ല. ഓരോ മേഖലയ്ക്കനുസരിച്ചും വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023ലെ ആകെ ആരോഗ്യപ്രവര്‍ത്തകരുടെ കണക്കെടുത്താല്‍ അതില്‍ 70 ശതമാനവും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരില്‍ 43.9 ശതമാനവും സ്ത്രീകളാണ്. നഴ്സുമാരിലാകട്ടെ 80.7 ശതമാനവും. 89.5 ശതമാനം കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കമാരും സ്ത്രീകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നൂറ്റാണ്ടുകളായി ആഗോള ആരോഗ്യരംഗത്തേക്ക് സ്ത്രീകള്‍ ഇത്തരത്തില്‍ കുതിച്ചെത്തിയിട്ടും ഇവര്‍ നേരിടുന്ന വിവേചനത്തിന് അറുതി വന്നിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനിലെ ഗവേഷക മേഗന്‍ നൈറ്റ് പറയുന്നു.
കുറഞ്ഞ ശമ്പളത്തിന് പുറമേ നേതൃനിരയിലേക്ക് കടന്നുവരാനും സ്ത്രീകള്‍ വിമുഖത കാണിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ എണ്ണത്തില്‍ മാത്രമാണ് ഇന്ത്യ കുറച്ചെങ്കിലും പുരോഗതി കാണിക്കുന്നത്. 10,000 പേര്‍ക്ക് 16.2 ഹെല്‍ത്ത് വര്‍ക്കര്‍മാരാണുള്ളത്. 2023ല്‍ ബ്രസീല്‍, തായ്ലന്‍ഡ്, റുവാണ്ട തുടങ്ങി കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ സാന്ദ്രത കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കമ്മ്യൂണിറ്റി വര്‍ക്കമാരുള്ളതും ദക്ഷിണേഷ്യയില്‍ തന്നെ. അതേസമയം ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 10,000 പേര്‍ക്ക് ഒന്നോ അതില്‍ താഴെയോ ഹെല്‍ത്ത് വര്‍ക്കര്‍മാരാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.