ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നതിന് ലക്ഷ്യമുണ്ട്': സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ ബരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ച കേസില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. പൊതുസമാധാനത്തിനും സുരക്ഷയ്ക്കുമായി ബരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് കൃത്യമായ ലക്ഷ്യമുണ്ടെന്നും അവ തകര്‍ക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു.
തങ്ങളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെയാണ് സൗരവ് ദാസും അശുതോഷ് റാങ്കയും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചു. പ്രതിഷേധ പ്രകടനങ്ങളില്‍ അനാവശ്യ വ്യക്തികള്‍ കടന്നുകൂടി അന്തരീക്ഷം വഷളാക്കുന്നത് തടയാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ജന്തര്‍ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ജന്തര്‍ മന്തറിലെ അടച്ച പൂട്ടിയിരുന്ന ഗേറ്റുകള്‍ മറികടന്ന് ഇരുവരും അകത്തുകടന്നത്. ഇതേത്തുടര്‍ന്ന് ജന്തര്‍ മന്തറിലെ നിരോധിക്കപ്പെട്ട പ്രതിഷേധ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയെന്ന കേസില്‍ ഒക്ടോബര്‍ 14 മുതല്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ശാന്തി ബോണ്ട് ലംഘിച്ചുവെന്ന് കാണിച്ച് ഒക്ടോബര്‍ 19-നാണ് മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇവരുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്കുകൂടി നീട്ടിയത്. നിയമത്തോട് ബഹുമാനമില്ലാതെ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനംചെയ്യുന്ന ഇവര്‍ പുറത്തിറങ്ങുന്നത് പൊതുസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന പോലീസ് വാദം അംഗീകരിച്ചായിരുന്നു മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.