കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത. ഇന്നു മുതല്‍ ഓഗസ്റ്റ് 8 വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ ഓഗസ്റ്റ് എട്ട് വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകാനും ചില്ലകള്‍ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ലെന്നും, അപകടകരമായ മരച്ചില്ലകള്‍ വെട്ടിയൊതുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകളും കൊടിമരങ്ങളും ബലപ്പെടുത്തുകയോ അഴിച്ചു വെയ്ക്കുകയോ ചെയ്യണം. കാറ്റും മഴയും ശക്തമാകുമ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടുക, ടെറസുകളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.
ഓല മേഞ്ഞതും ഷീറ്റ് പാകിയതുമായ അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം.
വൈദ്യുതി പോസ്റ്റുകളും കമ്പികളും പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ നേരിട്ട് അറ്റകുറ്റപ്പണികള്‍ നടത്തരുതെന്നും, അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ കെ.എസ്.ഇ.ബിയുടെ 1912 എന്ന നമ്പറിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 എന്ന കണ്‍ട്രോള്‍ റൂമിലോ വിവരമറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
അതിരാവിലെ ജോലിക്കിറങ്ങുന്ന പത്രം, പാല്‍ വിതരണക്കാരും നിര്‍മാണ തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.