സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി
വൈദ്യുതി പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമല്ലാത്തതും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാലാണ് ഈ നടപടി. ഇന്ന് (സെപ്റ്റംബര്‍17) വൈകുന്നേരം 6:15 മുതല്‍ അര്‍ദ്ധരാത്രി 12:45 വരെയുള്ള സമയത്തായിരിക്കും ഈ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് ഡിമാന്‍ഡ് 5,496 മെഗാവാട്ട് വരെ എത്തിയിരുന്നു. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് ഡിമാന്‍ഡില്‍ ഏകദേശം 1,200 മെഗാവാട്ടിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഫലമായി മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് (സെപ്റ്റംബര്‍17) ഏകദേശം 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയര്‍ന്നതും, സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള ലഭ്യത കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ദേശീയ തലത്തിലുള്ള ഗ്രിഡ് നിയന്ത്രണങ്ങളും കാറ്റാടി നിലയങ്ങളിലെ ഉത്പാദന കുറവും ഇതിന് ആക്കം കൂട്ടുന്നു. കൂടാതെ, മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭ്യമല്ലാത്തതിനാല്‍ അധിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.