സംസ്ഥാനത്ത് 9, 10, 11 തീയതികളില്‍ നേരിയ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: കേരളത്തില്‍ ജനുവരി 9, 10, 11 തീയതികളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
10-ാം തീയതി പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു.
തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്പെട്ട് അതി തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത.
അടുത്ത 48 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.