ദൈവമുണ്ട്, ക്രിസ്തുവാണ് നാഥന്‍'; പ്രമുഖ നിരീശ്വരവാദി ജോ സ്മിഡ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.ഓഗസ്റ്റ് 21-നാണ് അരലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്‌സുള്ള ചാനലിലൂടെ സ്മിഡ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്
വാഷിംഗ്ടണ്‍ ഡി.സി: ദൈവമുണ്ടെന്നും ക്രിസ്തുവാണ് നാഥനെന്നും സാക്ഷ്യപ്പെടുത്തി പ്രമുഖ നിരീശ്വരവാദി ജോ സ്മിഡ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'മജസ്റ്റി ഓഫ് റീസണ്‍' എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധ നേടിയ തത്ത്വചിന്തകനായ ജോ സ്മിഡ് യൂട്യൂബ് വീഡിയോയിലൂടെ തന്നെയാണ് തന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചത്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ തത്ത്വചിന്ത വിഭാഗത്തിലെ ഗവേഷകന്‍ കൂടിയാണ് ജോ സ്മിഡ്.
'വലിയൊരു വാര്‍ത്ത! ദൈവമുണ്ട്, ക്രിസ്തുവാണ് നാഥന്‍, അവിടുന്ന് കത്തോലിക്കാ സഭ സ്ഥാപിച്ചു'- ജോ സ്മിഡ് തന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചത് ഈ വാക്കുകളോടെയായിരിന്നു. ഓഗസ്റ്റ് 21-നാണ് അരലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്‌സുള്ള ചാനലിലൂടെ സ്മിഡ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
കത്തോലിക്കാ പശ്ചാത്തലത്തിലാണ് ജോ വളര്‍ന്നതെങ്കിലും, മനസില്‍ രൂപപ്പെട്ട ചില ചിന്തകള്‍ മൂലം നിരീശ്വരവാദത്തിലേക്കും പിന്നീട് അജ്ഞേയതാവാദത്തിലേക്കും വഴുതി വീഴുകയായിരിന്നു. പരിണാമ പ്രക്രിയയ്ക്കിടെ മൃഗങ്ങള്‍ അനുഭവിക്കുന്ന ദുരിതം എന്ന വിഷയമാണ് തന്നെ ആദ്യം നിരീശ്വരവാദത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. പിന്നീട് ജോഷ്വ റാസ്മുസ്സന്‍, അലക്‌സാണ്ടര്‍ പ്രസ് തുടങ്ങിയ തത്ത്വചിന്തകരുടെ ആശയങ്ങള്‍ കേട്ടതോടെ ദൈവം ഉണ്ടെന്നതിന് തത്ത്വചിന്താപരമായ തെളിവുകള്‍ ഉണ്ടോയെന്ന് ചിന്തിക്കാന്‍ തുടങ്ങി. എന്നാല്‍, വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ യാത്ര എളുപ്പമായിരുന്നില്ല; ഒരു പതിറ്റാണ്ട് നീണ്ടതായിരിന്നു ദൈവത്തെ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര.