കഴിഞ്ഞ മാസം സ്പെയിനിൽ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ നടന്നത് ഏഴോളം ആക്രമണങ്ങള്‍

മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്പെയിനിൽ കഴിഞ്ഞ മാസം ഏഴ് കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. സ്പെയിനിലെ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കോണ്‍ഷ്യന്‍സ് (OLRC) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. "കറുത്ത ഓഗസ്റ്റ്" എന്ന വിശേഷണത്തോടെയാണ് സംഘടനയുടെ റിപ്പോര്‍ട്ട്.
സമീപ ആഴ്ചകളിലാണ് കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങളും നടന്നത്. കോർഡോബ പ്രവിശ്യയിലെ റൂട്ട് പട്ടണത്തിലെ സെന്റ് കാതറിൻ ഇടവകയിലെ പടികളിൽ കറുത്ത പെയിന്റ് ഒഴിച്ചുള്ള ആക്രമണം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നു.
ഇതിന് പിന്നാലെ വലൻസിയയിലെ സെന്റ് മാർട്ടിൻ ഇടവകയിലെ നിത്യ ആരാധനാ ചാപ്പലില്‍ ട്രാൻസ്ജണ്ടറായ ഒരാള്‍ അൾത്താരയ്ക്ക് മുന്നിൽ ആക്രോശിച്ചുക്കൊണ്ട് അരുളിക്ക തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ഓഎല്‍ആര്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 13 ന്, പാൽമ ഡി മല്ലോർക്കയിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ ഇടവക ദേവാലയത്തില്‍ കത്തോലിക്ക വിരുദ്ധ അധിക്ഷേപകരമായ ചുവരെഴുത്ത് നടത്തി അലങ്കോലമാക്കി. ഇതിന്റെ പിറ്റേന്ന് വലൻസിയ കത്തീഡ്രലിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ മദ്യപിച്ച ഒരാൾ കപ്യാരെയും ഇടവകക്കാരെയും ആക്രമിച്ചിരിന്നു.
ഓഗസ്റ്റ് 17ന്, ഗ്രാനഡ പ്രവിശ്യയിലെ അൽബുനോളിലുള്ള സെന്റ് ജെയിംസ് ഇടവകയില്‍ അതിക്രമിച്ചു കയറിയ അക്രമി നിരവധി രൂപങ്ങള്‍ തകര്‍ക്കുകയും തീകൊളുത്തുകയും ചെയ്തു. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് രണ്ട് മണിക്കൂറെടുത്തുവെന്ന് സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 24-ന്, ടോളിഡോ പ്രവിശ്യയിലെ യെലെസിലെ അസംപ്ഷൻ ഓഫ് ഔർ ലേഡി ദേവാലയത്തിലെ വിവിധ രൂപങ്ങള്‍ തകര്‍ത്തുവെന്നും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെച്ചെന്നും ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കോണ്‍ഷ്യന്‍സ് വെളിപ്പെടുത്തി. കത്തോലിക്ക സഭ ഉയര്‍ത്തിപിടിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളും അഭയാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവുമാണ് ആക്രമണങ്ങള്‍ക്കു പിന്നിലുള്ള കാരണമായി പൊതുവേ നിരീക്ഷിക്കുന്നത്.