ഒമാനില്‍ തീപിടുത്തങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ ദേശീയ സ്ഥിതി വിവരകേന്ദ്രം പുറത്തുവിട്ടു

മസ്‌കത്ത്: ഒമാനില്‍ തീപിടുത്തങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് ദേശീയ സ്ഥിതി വിവരകേന്ദ്രം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം 4,955 തീപിടുത്തങ്ങളാണ് ഒമാനില്‍ ഉണ്ടായത്.
2023ല്‍ 4,622 തീപിടുത്തങ്ങളും 2022ല്‍ 4,186 തീപിടുത്തങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തത്. 1,577 തീപിടുത്തങ്ങളാണ് ഒരു വര്‍ഷക്കാലത്തിനിടയില്‍ ഇവിടെ ഉണ്ടായത്.
അതേസമയം തെക്കന്‍ ബാത്തിന ദോഫാര്‍ എന്നീ ഗവര്‍ണറേറ്റുകളാണ് കൂടുതല്‍ തീപിടുത്തമുണ്ടായതില്‍ തൊട്ടുപിന്നിലുള്ളത്. ഇവിടങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തീപിടുത്തങ്ങളുടെ തോത് വര്‍ദ്ധിച്ചതായും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താമസ സ്ഥലങ്ങളിലാണ് കൂടുതല്‍ തീപിടുത്തങ്ങള്‍ ഉണ്ടായത്. വാഹനങ്ങള്‍, അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന ഇടം, കൃഷി സ്ഥലങ്ങള്‍, വൈദ്യുതി ലൈനുകള്‍, എന്നിവിടങ്ങളിലും തീപിടുത്തം മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാവസായിക സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വലിയ തോതില്‍ തീപിടുത്തങ്ങള്‍ ഉണ്ടായതായും ദേശീയ സ്ഥിതി വിവരകേന്ദ്രം വ്യക്തമാക്കി