'വീഴ്ച പറ്റി, ഇനിയുണ്ടാകില്ല'; കുട്ടിക്ക് സ്‌കാനിങ് നിഷേധിച്ചതില്‍ തെറ്റ് സമ്മതിച്ച് ഇടുക്കി മെഡി.കോളജ്

 
idukkki mc

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ അഞ്ചര വയസ്സുകാരിക്ക് അടിയന്തര സ്‌കാനിങ് നിഷേധിച്ച സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ആശുപത്രി അധികൃതര്‍. ഡോക്ടര്‍ അടിയന്തര സ്‌കാനിങ് നിര്‍ദേശിച്ചിട്ടും ഒരാഴ്ച കഴിഞ്ഞേ സ്‌കാനിങ് ചെയ്യാന്‍ സാധിക്കൂ എന്ന് ജീവനക്കാരന്‍ നിലപാടെടുക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ പിതാവ് അരുണ്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കുകയും വിഷയം വലിയ വാര്‍ത്തയാവുകയും ചെയ്തു. തുടര്‍ന്ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്ന് കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. 


കുട്ടിയുടെ കുടുംബത്തിന് സംഭവിച്ച ബുദ്ധിമുട്ടില്‍ സൂപ്രണ്ട് ഖേദം പ്രകടിപ്പിച്ചതായും ജീവനക്കാരനില്‍ നിന്ന് വിശദീകരണം എഴുതി വാങ്ങിയശേഷം റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഡ്യൂട്ടി മാറ്റിയിട്ടുണ്ടെന്നും ഇനി ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഓഫീസില്‍ നിന്ന് വിളിച്ചയാള്‍ വ്യക്തമാക്കി.

എന്നാല്‍ ജീവനക്കാരനെ ഒരു സ്ഥാനത്തുനിന്ന് മറ്റൊരിടത്തേക്ക് ഇടുന്നതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും അവര്‍ വീണ്ടും ഇത് ആവര്‍ത്തിക്കില്ലേ എന്നും പിതാവ് ചോദിച്ചു. വിഷയം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും ആരോപണമുണ്ട്.

മലയോരമേഖലയിലെ സാധാരണക്കാര്‍ പൂര്‍ണമായും ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് ഇടുക്കി മെഡിക്കല്‍ കോളജ്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരും സജ്ജീകരണങ്ങളും ഡ്യൂട്ടിയിലുണ്ടായിട്ടും ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം സമീപനവും അശ്രദ്ധയും തുടര്‍ച്ചയായ പരാതികള്‍ക്ക് ഇടയാക്കുന്നുണ്ട്.

 മൂന്നരമാസം മാത്രം പ്രായമുള്ള കുട്ടിക്ക് കാലാവധി കഴിഞ്ഞ ഓയിന്റ്‌മെന്റ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയ സംഭവത്തിലും ഇടുക്കി മെഡിക്കല്‍ കോളജില്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉണ്ടായേക്കുമെന്നുമാണ് വിവരം.

Tags

Share this story

From Around the Web