ഇന്ത്യയിൽ സിംഹങ്ങളുടെ എണ്ണത്തിൽ വൻ വർധന

അഹമ്മദാബാദ്: ഇന്ത്യയിൽ സിംഹങ്ങളുടെ എണ്ണത്തിൽ വൻ വർധന. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ ഏഷ്യൻ സിംഹത്തിന്റെ എണ്ണം 891 ആയി ഉയർന്നിരിക്കുകയാണ്.
ലോക സിംഹ ദിനത്തിൽ, കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം അറിയിച്ചത്. സിംഹങ്ങളുടെ സംരക്ഷണത്തിലെ അതിശയകരമായ വിജയമാണ് എണ്ണത്തിലെ വർധനയെന്നും അദ്ദേഹം പറഞ്ഞു. 2020 ൽ സിംഹങ്ങളുടെ എണ്ണം 674 എണ്ണം മാത്രമായിരുന്നു.
എന്നാൽ, അഞ്ച് വർഷത്തിനുള്ളിൽ 32% വർധിച്ചതായി മന്ത്രി പറഞ്ഞു.
1990ൽ 284 എണ്ണം സിംഹങ്ങൾ മാത്രമേ കാട്ടിൽ അവശേഷിച്ചിരുന്നുള്ളൂ. ഏഷ്യൻ സിംഹങ്ങൾ ഇന്ന് ഗുജറാത്തിലെ ഗിർ വനത്തിൽ മാത്രമേ നിലനിൽക്കുന്നുള്ളൂവെന്നതിനാൽ എണ്ണത്തിലെ വർധനവ് രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളും വന്യജീവികളും തമ്മിലുള്ള കൂട്ടായ ഇച്ഛാശക്തി, സമർപ്പണം, സഹവർത്തിത്വം എന്നിവയാണ് സ്ഥിരമായ വളർച്ചയ്ക്ക് കാരണം.
സിംഹങ്ങളെ സംരക്ഷിക്കുന്നതിൽ മാൽധാരി ഇടയന്മാരുടെയും പ്രാദേശിക സമൂഹങ്ങളുടെയും പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. 2015-ൽ 523 ആയിരുന്നത് 2025-ൽ 891 ആയി.
ആവാസവ്യവസ്ഥയുടെ ചുരുങ്ങൽ, രോഗങ്ങൾ എന്നിവ മൂലമുള്ള ഭീഷണികൾക്കിടയിലും സിംഹങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതോടെ ആഗോള വന്യജീവി സംരക്ഷണത്തിന് പ്രതീക്ഷ നൽകിയതായി യാദവ് പറഞ്ഞു.
സിംഹങ്ങളുടെ സംരക്ഷണത്തിന് 180 കോടി രൂപയുടെ പുതിയ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.
ബർദ വന്യജീവി സങ്കേതത്തിൽ നടന്ന ആഘോഷ പരിപാടിയിലാണ് സിംഹങ്ങളുടെ സംരക്ഷണവും ഇക്കോടൂറിസവും വികസിപ്പിക്കുന്നതിനായി യാദവും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്ന് 180 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്.
ആഫ്രിക്കൻ സിംഹങ്ങളേക്കാൾ ചെറുതും വ്യത്യസ്തമായ വയറിലെ തൊലി മടക്കുള്ളതുമായ ഏഷ്യാറ്റിക് സിംഹം, പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ്.