കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ല; ചെറു വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് സിഐ എസ് എഫ് മുന്നറിയിപ്പ്

 
cisf

ന്യൂഡല്‍ഹി: രാജ്യത്തെ ചെറു വിമാനത്താവളങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി സിഐഎസ്എഫ്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ പല വിമാനത്താവളങ്ങളിലും ഇല്ല. കൂടുതല്‍ വിമാനത്താവളങ്ങളുടെ സുരക്ഷാ ഏറ്റെടുക്കാന്‍ സിഐഎസ്എഫ് സന്നദ്ധത അറിയിച്ചു. 

ഉഡാന്‍ പദ്ധതിക്ക് കീഴിലുള്ള വിമാനത്താവളങ്ങളാണ് സുരക്ഷാ വീഴ്ചയുള്ളവയില്‍ കൂടുതലും. വിമാനത്താവളങ്ങള്‍ക്ക് പുറത്തെ പ്രാദേശിക പൊലീസിന്റെ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമെന്ന് സിഐഎസ്എഫ് ചൂണ്ടിക്കാണിക്കുന്നു.


വിമാനത്താവളങ്ങളില്‍ ബയോമെട്രിക് സംവിധാനങ്ങളടക്കം ഉള്‍പ്പെടുത്തി പ്രവേശന നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കണം. 

നിലവില്‍ 70 ഓളം വിമാനത്താവളങ്ങളുടെ സുരക്ഷ സിഐഎസ്എഫ് ആണ് കൈകാര്യം ചെയ്യുന്നത്. 2016 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്തതാണ് ചെറു വിമാനത്താവളങ്ങള്‍.


''നിരവധി വിമാനത്താവളങ്ങളിലെ നിലവിലുള്ള സുരക്ഷാ സംവിധാനത്തില്‍ അന്വേഷണത്തില്‍ പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി അവ പരിഹരിക്കേണ്ടതുണ്ട്. 

നിരവധി വിമാനത്താവളങ്ങളില്‍ സുരക്ഷയുടെ അഭാവം ചൂണ്ടിക്കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്,'' ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 ഉഡാന്‍ (ഡഉഅച) പദ്ധതിക്ക് കീഴില്‍, പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 74-ല്‍ നിന്ന് 165-ആയി വര്‍ധിച്ചിട്ടുണ്ട്. 

യാത്രക്കാരുടെ ആവശ്യം കുറഞ്ഞതും, വിമാനക്കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലായ്മയും, സാങ്കേതിക, പ്രവര്‍ത്തന വെല്ലുവിളികളും മൂലം ഉഡാന്‍ പദ്ധതി പ്രകാരം വികസിപ്പിച്ച ഏകദേശം 15 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

Tags

Share this story

From Around the Web