പുതിയ രോഗികളോ രോഗലക്ഷണങ്ങളോ ഇല്ല. പാലക്കാട് നിപ നിയന്ത്രണങ്ങള്‍ നീക്കി

പാലക്കാട് : നിപ നിയന്ത്രണങ്ങള്‍ നീക്കി. പുതിയ രോഗികളോ രോഗലക്ഷണങ്ങളോ കണ്ടെത്താതതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിച്ചിരുന്ന 18 വാര്‍ഡുകളിലെയും നിയന്ത്രണവും നീക്കിയിട്ടുണ്ട്.
കുമരംപുത്തൂര്‍, കാരാക്കുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെയു മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെയും കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളാണ് നീക്കിയത്.
കുമരംപുത്തൂര്‍ ചെങ്ങലീരി സ്വദേശി നിപ ബാധിച്ചു മരണപ്പെട്ടതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെങ്കിലും മേഖലയില്‍ മാസ്‌ക് നിര്‍ബന്ധമാണ്. അനാവശ്യമായി കൂട്ടംകൂടരുതെന്നും നിര്‍ദേശമുണ്ട്.
പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച 32കാരന് നിപ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവായിരുന്നു നിപ ബാധിച്ച് മരിച്ചത്.
കണ്ടൈന്‍മെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ നേരത്തെ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ തീരുമാനമെടുത്തത്.