കളമശ്ശേരിയിലെ മാര്‍ത്തോമാ ഭവന്റെ ഭൂമിയില്‍ അനധികൃത കയ്യേറ്റമെന്ന് ആക്ഷേപം. മതില്‍ തകര്‍ക്കുകയും താല്‍ക്കാലിക കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാപിച്ചെന്നുമാണ് പരാതി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കളമശ്ശേരിയിലെ മാര്‍ത്തോമാ ഭവന്റെ ഭൂമിയില്‍ അനധികൃത കയ്യേറ്റമെന്ന് ആക്ഷേപം. മാര്‍ത്തോമാ ഭവന്റെ 100 മീറ്ററോളം വരുന്ന കമ്പൗണ്ട് മതില്‍ തകര്‍ത്തതായും ക്രെയിന്‍ ഉപയോഗിച്ച് താല്‍ക്കാലിക കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാപിച്ചെന്നുമാണ് പരാതി.
ആശ്രമത്തിന് സമീപത്തുള്ള കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുകയും അന്തേവാസികള്‍ ചാപ്പലിലേക്ക് പോകുന്ന ഗേറ്റിനു മുന്നില്‍ പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു. ആ ഭാഗത്ത് സ്ഥാപിച്ചിരുന്ന കന്യാസ്ത്രീ മഠത്തിന്റെ സിസിടിവി ക്യാമറകളും നശിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് കാസ ആരോപിച്ചു.
1980ല്‍ മാര്‍ത്തോമാ ഭവന്‍ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007-ല്‍ കോടതി വിധിയിലൂടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാര്‍ത്തോമാ ഭവന് ഉറപ്പിച്ചിരുന്നു.
എന്നാല്‍ ഈ സ്ഥലം വാങ്ങിയെന്ന അവകാശവാദവുമായി 2010 ല്‍ തൃശ്ശൂര്‍ സ്വദേശികളായ മുഹമ്മദ് മൂസാ, എന്‍.എം. നസീര്‍, സെയ്ദ് മുഹമ്മദ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഗുണ്ടകളെ ഉപയോഗിച്ച് മതില്‍ തകര്‍ത്തും വീടുകള്‍ സ്ഥാപിച്ചുമെന്നാരോപണം. 40 വര്‍ഷത്തോളമായി ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കത്തിലുള്ള ഭൂമിയുടെ മതിലാണ് പൊളിച്ചുമാറ്റിയിട്ടുള്ളത്.
സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു സംഭവങ്ങളുടെ തുടക്കം. പുലര്‍ച്ചെ 2 മണിയോടെ മാര്‍ത്തോമാ ഭവന്റെ ചുറ്റുമതില്‍ പൊളിക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാവിലെയാണ് മാര്‍ത്തോമ്മാ ഭവനിലുള്ളവര്‍ സംഭവം അറിഞ്ഞത്. പരാതിയെത്തുടര്‍ന്ന് പൊലീസെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന് ശേഷവും പ്രവൃത്തികള്‍ തുടര്‍ന്നതോടെ മാര്‍ത്തോമാ ഭവന്‍ അധികൃതരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. മൂന്നംഗ അംഗ സംഘം അക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പള്ളിയില്‍ പ്രാര്‍ഥനക്കു ചെന്ന കുന്നത്തുപറമ്പില്‍ കെ കെ ജിന്‍സണ്‍ പൊലിസില്‍ പരാതിയും നല്‍കി. താനും ഫാ.സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവരും ആക്രമിക്കപ്പെട്ടെന്നായിരുന്നു പരാതി. ഇതിനിടെയാണ് മഠവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നശിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചു തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നാണ് മറുപക്ഷത്തിന്റെ വാദം. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയിലാണ് റെഡിമെയ്ഡ് മുറികള്‍ സ്ഥാപിച്ചിട്ടുള്ളതെന്നുമാണ് ഇവരുടെ നിലപാട്.