പുഴയില്‍ ഒഴുകിനടക്കുന്നത് മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകള്‍. പ്ലാന്റിലേക്ക് വെള്ളം ഇരച്ചുകയറിയതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണം. അതീവ ജാഗ്രതാ നിര്‍ദ്ദേശം
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് പാതാള്‍ഗംഗ നദിയില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഒഴുകി നടക്കുന്നു. മഹാരാഷ്ട്രയിലെ പാതാള്‍ഗംഗയിലുള്ള എച്ച്പിസിഎല്ലിന്റെ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ വെള്ളം കയറിയതോടെയാണ് ആയിരക്കണക്കിന് സിലിണ്ടറുകള്‍ ഒഴുക്കില്‍പ്പെട്ടത്.
ചുവന്ന നിറത്തിലുള്ള സിലിണ്ടറുകള്‍ നദിയിലൂടെ ഒഴുകിനീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
ഏകദേശം മൂവായിരത്തോളം സിലിണ്ടറുകള്‍ ഇത്തരത്തില്‍ നദിയിലേക്ക് ഒലിച്ചുപോയതായാണ് പ്രാഥമിക വിവരം.
പ്ലാന്റിലേക്ക് വെള്ളം ഇരച്ചുകയറിയതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായത്. മണ്‍സൂണ്‍ മഴ ശക്തമായതോടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ കനത്ത വെള്ളപ്പൊക്കവും ദുരിതങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് റായ്ഗഢ് കളക്ടര്‍ കിഷന്‍ ജവാലെ പ്രദേശവാസികള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. ഒഴുകിപ്പോകുന്ന സിലിണ്ടറുകള്‍ പിടിച്ചെടുക്കാനോ അവ തുറന്നുനോക്കാനോ വീടുകളിലേക്ക് കൊണ്ടുപോകാനോ ആരും ശ്രമിക്കരുത്.
ഇത്തരം സിലിണ്ടറുകള്‍ പുഴയുടെ തീരങ്ങളില്‍ അടിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.