സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 
veena george

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്.


 പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, 2 പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. പാലക്കാട് 4 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. വീടുകളിലെ സന്ദര്‍ശനവും പനി സര്‍വൈലന്‍സും നടത്തി വരുന്നു. ഐസൊലേഷനിലുള്ളവരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ കൂടിയാല്‍ അത് മുന്നില്‍ കണ്ട് കൂടുതല്‍ ഐസിയു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web