തിയോഫിനച്ചന്റെ ധന്യപദവി പ്രഖ്യാപനം 26ന്; ഈ പദവിയിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍
കൊച്ചി: ദൈവത്തോടും സഹജീവികളോടുമുള്ള സ്‌നേഹമാണ് വിശുദ്ധിയെന്ന് ജീവിതത്തിലൂടെ തെളിയിച്ച ദൈവദാസന്‍ ഫാ. തിയോഫിന്റെ (തിയോഫിനച്ചന്‍) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും. ധന്യപദവിലെത്തുന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ് തിയോഫിനച്ചന്‍.
കെസിബിസിയുടെയും കെആര്‍എല്‍സിബിസിയു ടെയും പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ പത്തിന് പൊന്തിഫിക്കല്‍ സമൂഹബലിയര്‍പ്പിക്കും. ഒഎഫ്എം കപ്പൂച്ചിന്‍ പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. കാര്‍ലോ കല്ലോണി പ്രഖ്യാപനം നടത്തും.
ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ വചനസന്ദേശം നല്‍കും. അസി. പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. അന്റോയിന്‍ ഹദ്ദാദ് ധന്യന്‍ തിയോഫിനച്ചന്റെ ഛായാചിത്രം അനാഛാദനം ചെയ്യും.
രാവിലെ 9.30ന് തിയോഫിനച്ചന്റെ കബറിടത്തില്‍ ദീപം തെളിച്ചു പ്രാര്‍ത്ഥന നടക്കും. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പ്രാര്‍ത്ഥന നയിക്കും.
പൊന്നുരുന്നി എന്ന കൊച്ചുഗ്രാമത്തെ തന്റെ പ്രാര്‍ത്ഥനയാലും സാന്നിധ്യത്താലും തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയ കപ്പൂച്ചിന്‍ സന്യാസ വൈദികനായ തിയോഫിനച്ചനെ 2005 ജനുവരി പത്തിനാണ് ദൈവദാസനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ധന്യന്‍ പദവി അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ ലിയോ പതിനാലാമന്‍ പാപ്പ ഒപ്പുവച്ചത്.
കപ്പൂച്ചിന്‍ മിഷന്‍ ധ്യാനങ്ങളിലൂടെ ആത്മീയ നവീകരണത്തിന് തുടക്കംകുറിച്ച വൈദികനാണ് തിയോഫിനച്ചന്‍. ആത്മീയതയുടെ പ്രകാശം പരത്തിയ അദ്ദേഹത്തിന്റെ സാമീപ്യവും ഉപദേശവും ചേര്‍ത്തുപിടിക്കലും അനേകര്‍ക്ക് ജീവിതത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഔഷധങ്ങ ളായി മാറിയിരുന്നു.