തേനി ജയിൽ ചാട്ട സംഭവം; ഡെപ്യൂട്ടി സൂപ്രണ്ടടക്കം 17 ജീവനക്കാർ സസ്‌പെൻഡിൽ; തമിഴ്‌നാട്ടിലെ ജയിലുകളിൽ സുരക്ഷ ശക്തമാക്കാൻ മുഖ്യമന്ത്രി വിജയിയുടെ ഉത്തരവ്
ചെന്നൈ: തേനി ജില്ലാ ജയിലില്‍ നിന്ന് 17 തടവുകാര്‍ ചാടിപ്പോയ സംഭവത്തില്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് സസ്പെന്‍ഡ് ചെയ്തു.
ജയില്‍ ഭരണത്തിലെ വീഴ്ചയും സുരക്ഷാ നിരീക്ഷണത്തിലെ പിഴവും ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സൂപ്രണ്ട് എന്‍. രാമലിംഗത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് 17 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും അവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ എല്ലാ ജയിലുകളിലും ശക്തമായ സുരക്ഷയും കര്‍ശന നിരീക്ഷണവും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
തേനി ജയിലില്‍ നിന്ന് ചാടിപ്പോയ 17 തടവുകാരെയും പിന്നീട് പിടികൂടിയിരുന്നു. ഇവരെ സംസ്ഥാനത്തെ അതീവ സുരക്ഷാ ജയിലുകളിലേക്ക് മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ ചെന്നൈ പുഴല്‍ ജയിലില്‍ നിന്നും രണ്ട് തടവുകാര്‍ ഒക്ടോബര്‍ 20-ന് ചാടിപ്പോയിരുന്നുവെങ്കിലും പൊലീസ് സംഘത്തിന്റെ തിരച്ചിലിനൊടുവില്‍ ഇവരെയും പിടികൂടിയിരുന്നു.
ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ട് ജയില്‍ ചാട്ട സംഭവങ്ങളെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ജയില്‍ വകുപ്പില്‍ വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. ജയില്‍ മേധാവി സന്ദീപ് റായ് റാത്തോഡിനെ സര്‍ക്കാര്‍ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
തിങ്കളാഴ്ച രാത്രി തേനി ജയിലില്‍ ഒരു തടവുകാരന് അപസ്മാരമുണ്ടായതായി നാടകം കളിച്ച് ജയില്‍ ജീവനക്കാരെ കബളിപ്പിച്ചാണ് തടവുകാര്‍ രക്ഷപ്പെട്ടത്. സെല്‍ തുറന്ന ഗാര്‍ഡിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം പ്രധാന കവാടത്തിന്റെ താക്കോല്‍ കരസ്ഥമാക്കി ഇവര്‍ പുറത്തുകടക്കുകയായിരുന്നു.
തുടര്‍ന്ന് വനമേഖലയിലൂടെ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ഉള്‍പ്പെടെയുള്ള പ്രത്യേക സംഘങ്ങള്‍ ഡ്രോണുകളുടെ സഹായത്തോടെ വലിയ തിരച്ചിലാണ് നടത്തിയത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.