മുപ്പതിനാലാമത് ആഗോള രോഗീദിനത്തിന്റെ പ്രമേയം പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍:സമരിയാക്കാരന്റെ കാരുണ്യം: അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് സ്‌നേഹിക്കുക', എന്നുള്ള 2026 ലെ മുപ്പതിനാലാമത് ലോക രോഗി ദിനത്തിനായുള്ള പ്രമേയം പ്രസിദ്ധീകരിച്ചു.
വത്തിക്കാന്റെ സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്ന ഡിക്കസ്റ്ററിയാണ് പ്രമേയം അറിയിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
ലിയോ പതിനാലാമന്‍ പാപ്പായാണ് ഈ പ്രമേയം പ്രത്യേകം തിരഞ്ഞെടുത്തതെന്ന് ഡിക്കസ്റ്ററിയുടെ കുറിപ്പില്‍ പറയുന്നു.
കള്ളന്മാരുടെ കരങ്ങളില്‍ അകപ്പെട്ടു പോയ മനുഷ്യന്റെ ദുരിതത്തില്‍, അവനെ പരിപാലിച്ചുകൊണ്ട് സ്‌നേഹം പ്രകടമാക്കുന്ന സമരിയാക്കാരന്റെ സുവിശേഷമാതൃകയെ കേന്ദ്രീകരിച്ചുള്ള പ്രമേയം, അയല്‍ക്കാരോടുള്ള നമ്മുടെ സ്നേഹത്തെ ഊന്നിപ്പറയുവാന്‍ ഉദ്ദേശിച്ചുള്ളതാണെന്നു വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പലപ്പോഴും ദാരിദ്ര്യം, ഒറ്റപ്പെടല്‍, ഏകാന്തത എന്നിവ മൂലമുള്ള ദുര്‍ബലതയുടെ പശ്ചാത്തലത്തില്‍, സ്‌നേഹത്തിനു സാമീപ്യം വേണമെന്നും അതിലൂടെ നമുക്ക് മറ്റുള്ളവരുടെ, പ്രത്യേകിച്ചും രോഗികളായ സഹോദരങ്ങളുടെ കഷ്ടപ്പാടുകള്‍ ഏറ്റെടുക്കുവാന്‍ സാധിക്കുമെന്നും കുറിപ്പില്‍ അടിവരയിട്ടുപറയുന്നു.
ഇന്നും നല്ല സമരിയക്കാരനായ യേശു, സഭയുടെ കൂദാശകളിലൂടെ, മുറിവേറ്റ മനുഷ്യരാശിക്ക് ആശ്വാസത്തിന്റെ എണ്ണയും, പ്രത്യാശയുടെ വീഞ്ഞും പകരുവാന്‍ അടുത്ത് ചെല്ലുന്നുവെന്നും, അത്, രോഗത്തിന്റെ അസ്വസ്ഥയാല്‍ വേദനയനുഭവിക്കുന്നവര്‍ക്ക്, സഹായത്തിന്റെയും അടുപ്പത്തിന്റെയും കരങ്ങള്‍ നീട്ടുന്നതിന് പ്രചോദനം നല്‍കുന്നുവെന്നും കുറിപ്പില്‍ എടുത്തു പറയുന്നു.