വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവര്‍ന്നത് 23 പവന് സ്വര്‍ണവും 5 ലക്ഷം രൂപയും, കേസില്‍ പതിനേഴുകാരനെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ വീട്ടില്‍നിന്ന് 23 പവന് സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയെന്ന പരാതിയില്‍ വഴിത്തിരിവ്. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടി. വീട്ടില്‍ മോഷണം നടന്നുവെന്ന പരാതി വ്യാജമാണെന്നും കൗമാരക്കാരനെ ഭീഷണിപ്പെടുത്തി പ്രതികള്‍ സ്വര്‍ണവും പണവും കൈക്കലാക്കിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
വീട്ടില്‍നിന്ന് 23 പവന് സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നായിരുന്നു വീട്ടുടമയുടെ പരാതി. വീട്ടിലെ അലമാരയിലും കട്ടിലിന്റെ ഷെല്‍ഫിലും സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.
തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. കഴിഞ്ഞ 24 മുതല്‍ ആറാം തീയതി വരെയുള്ള ദിവസങ്ങളിലായി ഈ 17 കാരനെ ഉപയോഗിച്ച് തിരൂരങ്ങാടിയിലെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും എടുപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരനെയും പുതുപ്പറമ്പ് ഉബൈദ് (33), തിരൂര്‍ ചക്രമൂല സ്വദേശി കണ്ണംവളപ്പില് ഷുഹൈദ് (33) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ട് പ്രതികളും നേരത്തെ നിരവധി മോഷണ-അക്രമ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് അറിയിച്ചു.