സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതലായ ഹാന്‍സ് മോഷണം; പൊലീസുകാരന്‍ പിടിയില്‍
വയനാട്: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാന്‍സ് മോഷണം പോയ കേസില്‍ പൊലീസുകാരന്‍ സബിത് പിടിയില്‍. ഒളിവിലായിരുന്ന സബിത്തിനെ എറണാകുളം കളമശ്ശേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാന്‍സ് കാണാതായതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ കേസില്‍ സബിത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് സബിത് ഒളിവില്‍ പോയതായാണ് പൊലീസ് പറയുന്നത്.
അതേസമയം, കേസില്‍ സബിത്തിനെ ബലികാടാക്കുകയാണെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകന്‍ അമല്‍ജിത്ത് ആരോപിച്ചു. ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.
സ്റ്റേഷനില്‍ കാര്‍ കഴുകുന്നതിനിടെ ചാക്കില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സിന്റെ രൂക്ഷഗന്ധം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സബിത് അവ സ്റ്റോറൂമിന് സമീപത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ സബിത് അവധിയില്‍ പോയി. മാസങ്ങള്‍ക്കുശേഷം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാന്‍സ് കാണാനില്ലെന്ന് കണ്ടെത്തിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
തൊണ്ടിമുതല്‍ കാണാതായ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്താതെയാണ് സബിത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അഭിഭാഷകന്‍ ആരോപിച്ചു. സംഭവം അറിഞ്ഞതിന് പിന്നാലെ സബിത് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.