കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം; അതിഥി തൊഴിലാളിയുടെ 15,000 രൂപ കവര്‍ന്നു
കോഴിക്കോട് : തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദര്‍ശിനി ബസില്‍ മോഷണം. അതിഥി തൊഴിലാളിയുടെ പതിനയ്യായിരം രൂപ മോഷണം പോയതായി വിവരം. ബസില്‍ വലിയ രീതിയിലുള്ള തിരക്കായിരുന്നു ഉണ്ടായിരുന്നത്.
ഇന്ന് വൈകിട്ട് 4 മണിയ്ക്ക് കെഎസ്ആര്‍ടിസിയില്‍ നിന്നും എടുത്ത ബസ് ആണ്. കുന്ദമംഗലം എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
ബസ് കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ബസില്‍ ഉള്ളവരെ ഇറക്കി പൊലീസ് പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ബസ് യാത്ര അനുവദിച്ചു.
അതേസമയം യുഡിഎഫിന്റെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'പ്രിയദര്‍ശിനി' സൗജന്യ വനിതാ ബസ് സര്‍വീസ് പദ്ധതി ഒരു മാസം പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ വിജയമെന്നാണ് വിലയിരുത്തല്‍ .
സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തില്‍ വലിയ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പദ്ധതിക്ക് കഴിഞ്ഞെന്നാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ റിട്ട. ഡിജിപി പത്മകുമാര്‍ ഐപിഎസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോള്‍ സാധാരണക്കാരായ വനിതകളുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റമാണുണ്ടായതെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ അവകാശപ്പെട്ടു.
പ്രത്യേകിച്ച് പ്രതിമാസം 8,000 മുതല്‍ 12,000 രൂപ വരെ വരുമാനമുള്ള സാധാരണക്കാരായ സ്ത്രീ തൊഴിലാളികള്‍ക്ക് യാത്രാക്കൂലി ഇനത്തില്‍ വലിയ തുക ലാഭിക്കാന്‍ കഴിയുന്നുണ്ട്. ഇത് അവരുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 20 മുതല്‍ 30 ശതമാനം വരെയുള്ള വര്‍ദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അര്‍ബുദ, കരള്‍ രോഗ ബാധിതരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രികളിലേക്കുള്ള യാത്രയ്ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നല്‍കുന്നത്.