തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിസിപിഒ സബിത്തിനെതിരെ കേസ്,സ്റ്റേഷന്റെ പൂട്ടു പൊളിക്കാതെ റൈറ്ററുടെ പക്കലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് മുറി തുറന്ന് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു
വയനാട്: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ലഹരിവസ്തുക്കള്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തു. സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സബിത്തിനെതിരെയാണ് കേസ്. ഏഴ് ചാക്കോളം വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് സബിത്ത് കവര്‍ന്നത്. ചെക്ക്പോസ്റ്റില്‍ നിന്ന് പിടികൂടി കോടതി ഉത്തരവുപ്രകാരം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണിത്.
കഴിഞ്ഞ ദിവസം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും പരിശോധനയ്ക്കായി എത്തിയപ്പോഴാണ് തൊണ്ടിമുതല്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. സ്റ്റേഷന്റെ പൂട്ടു പൊളിക്കാതെ റൈറ്ററുടെ പക്കലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് മുറി തുറന്ന് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സ്റ്റേഷനിലുള്ള പൊലീസുകാരനിലേക്ക് തന്നെ സംശയം നീളുകയായിരുന്നു.
ഒരു കാറിലെത്തി ചാക്കുകള്‍ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വൈത്തിരി സ്വദേശിയായ സിസിപിഒ സബിത്താണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്. നിലവില്‍ ഒളിവില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.