തൊണ്ടിമുതല്‍ മോഷണം പോയ സംഭവം; രൂക്ഷ ഗന്ധം കാരണം മാറ്റിവെക്കുക മാത്രമാണ് ചെയ്തത്: സിസിപിഒ സബിത്തിനെതിരെ ഗൂഢാലോചനയെന്ന് വക്കീല്‍

 
alsabith


വയനാട്: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സസ്‌പെന്‍ഷനിലായ സിവില്‍ പൊലീസ് ഓഫീസര്‍ സബിത്തിന്റെ അഭിഭാഷകന്‍ അമല്‍ജിത്ത്. ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ രൂക്ഷഗന്ധം മൂലം അത് മാറ്റി വെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.


സ്റ്റേഷനില്‍ കാര്‍ കഴുകുന്നതിനിടെ ചാക്കില്‍ കിടന്നിരുന്ന ഹാന്‍സിന്റെ ദുര്‍ഗന്ധം കാരണം അത് സ്റ്റോറൂമിന് സമീപത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ സബിത്ത് ലീവില്‍ പോവുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാന്‍സ് കാണാനില്ലെന്ന വിവരം അറിയുന്നത്.


സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്താതെയാണ് സബിത്തിനെതിരെ എഫ്‌ഐആര്‍ ഇട്ടതെന്നാണ് ആരോപണം. തൊണ്ടിമുതല്‍ കാണാതായ വിവരം അറിഞ്ഞ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സബിത്ത് ഒളിവിലാണെന്ന പൊലീസ് വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ മറച്ചുവെക്കാനും സബിത്തിനെ ബലികാടാക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് അഭിഭാഷകന്റെ വാദം. കേസില്‍ നീതിപൂര്‍വമായ അന്വേഷണം വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web