ആണ്‍സുഹൃത്തിന് ബൈക്ക് വാങ്ങാന്‍ കൂട്ടുകാരിയുടെ വീട്ടില്‍ മോഷണം; 19കാരി അറസ്റ്റില്‍.കോളേജിലെ അടുത്ത കൂട്ടുകാരിയുടെ വീട്ടില്‍ അതിഥിയായി എത്തിയപ്പോഴാണ്  ഈ കൃത്യം ആസൂത്രണം ചെയ്തത്

 
boyfriend

കോയമ്പത്തൂര്‍: ആണ്‍സുഹൃത്തിന് ആഡംബര ബൈക്ക് സമ്മാനിക്കാനായി കൂട്ടുകാരിയുടെ വീട്ടില്‍ നിന്നും ഒമ്പത് പവന്‍ സ്വര്‍ണം കവര്‍ന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. കോയമ്പത്തൂര്‍ കുനിയമുത്തൂര്‍ പ്രദേശത്താണ് സിനിമാ സ്‌റ്റൈലിനെ വെല്ലുന്ന ഈ മോഷണവും തുടര്‍ന്ന് അറസ്റ്റും നടന്നിരിക്കുന്നത്. 

പൊള്ളാച്ചി സ്വദേശിനിയായ ജോയ് പ്രിന്‍സി (19) ആണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ആണ്‍സുഹൃത്ത് ജനകന്‍ ശിവയ്ക്കായി (20) പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കോളേജിലെ അടുത്ത കൂട്ടുകാരിയുടെ വീട്ടില്‍ അതിഥിയായി എത്തിയപ്പോഴാണ് ജോയ് പ്രിന്‍സി ഈ കൃത്യം ആസൂത്രണം ചെയ്തത്. വീട്ടുകാരുടെ ശ്രദ്ധ തിരിഞ്ഞ തക്കം നോക്കി കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര തുറന്ന് ഒമ്പത് പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കുകയായിരുന്നു. 

ഈ സ്വര്‍ണം രഹസ്യമായി വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് ഇവര്‍ പൊള്ളാച്ചിയിലെ പ്രമുഖ ഷോറൂമില്‍ എത്തി വിലകൂടിയ പുതിയ ആഡംബര ബൈക്ക് വാങ്ങിയത്.


ബൈക്ക് വാങ്ങിയതിന്റെ സന്തോഷം പങ്കുവെക്കാനും സുഹൃത്തിന് സര്‍പ്രൈസ് നല്‍കാനുമായി ഷോറൂമില്‍ വെച്ച് ഇവര്‍ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

 എന്നാല്‍ ഈ റീല്‍സ് വീഡിയോ വൈറലായതോടെയാണ് കേസില്‍ വഴിതിരിവുണ്ടായത്. കൂട്ടുകാരിയുടെ വീട്ടില്‍ സ്വര്‍ണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതി അന്വേഷിക്കുന്നതിനിടയില്‍, ആഡംബര ബൈക്കുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട യുവതിയുടെ വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ ശക്തമായ ചോദ്യംചെയ്യലിലാണ് മോഷണവിവരം പുറത്തുവന്നത്. പ്രതിയുടെ പക്കല്‍ നിന്നും വില്‍പന നടത്തിയ സ്വര്‍ണത്തിന്റെ ബാക്കി ഭാഗവും പുതിയ ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 ഒളിവില്‍ പോയ ജനകന്‍ ശിവയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടുകൂടുമെന്നും പോലീസ് വ്യക്തമാക്കി. പ്രണയത്തിന്റെയും ആഡംബരത്തിന്റെയും പേരില്‍ കൂട്ടുകാരിയുടെ വിശ്വാസം വഞ്ചിച്ച വിദ്യാര്‍ത്ഥിനിയുടെ അറസ്റ്റ് കോയമ്പത്തൂരില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Tags

Share this story

From Around the Web