തീക്കോയി നവജാതശിശു വൽപ്പന: ഇൻസ്റ്റഗ്രാം വഴിയുള്ള ഇടപാടുകൾ പുറത്ത്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ്
കോട്ടയം: തീക്കോയിയില്‍ ഗര്‍ഭിണിയായ യുവതിയെ എത്തിച്ചു പാര്‍പ്പിച്ചു പ്രസവശേഷം നവജാതശിശുവിനെ വില്‍പ്പന നടത്തിയെന്ന കേസില്‍ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഇതിനായുള്ള അപേക്ഷ സമർപ്പിക്കും. സംഘം കൈമാറിയ കുഞ്ഞിനെ വീണ്ടെടുക്കാനുള്ള നടപടികളിലേക്കും പോലീസ് കടക്കുന്നു. കേസിൽ രണ്ടു പേർ കൂടി വൈകാതെ അറസ്റ്റിലായേക്കും.
നേരത്തെ അറസ്റ്റിലായ രണ്ടു പേര്‍ക്ക് പിന്നാലെ മൂന്നാം പ്രതിയായ കൊല്ലം സ്വദേശിനിയായ യുവതി അനീനയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരിയായാണ് അനീന പ്രവര്‍ത്തിച്ചതെന്നാണു പോലീസിന്റെ കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്‍ജ്ജുന്‍ എന്നിവർ റിമാൻഡിലാണ്.
ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ചു നവജാതശിശുക്കളെ അനധികൃതമായി കൈമാറുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. എട്ടു മാസം മുമ്പ് മറ്റൊരു നവജാതശിശുവിനെയും സംഘം വിറ്റതായി പോലീസ് കണ്ടെത്തി. മലയാളികൾ തന്നെയാണ് കുട്ടിയെ വാങ്ങിയ തെന്നാണ് നിഗമനം. ഇതുസംബന്ധിച്ച് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു കൈമാറിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കുഞ്ഞിനെ ഏറ്റുവാങ്ങിയവരുടെ പങ്കും ഇവരെ കേസില്‍ പ്രതി ചേര്‍ക്കണമോയെന്നതും പരിശോധിച്ചുവരികയാണ് പോലീസ്.
രണ്ടാമത്തെ കേസില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അസം സ്വദേശിനിയായ 22കാരിയുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണു യുവതിയുമായി പ്രതികള്‍ ബന്ധപ്പെട്ടതെന്നു പോലീസ് കണ്ടെത്തി.
കുഞ്ഞിനെ വില്‍പ്പനയ്ക്കായി പാര്‍പ്പിച്ചിരുന്ന തീക്കോയിയിലെ വീട്ടില്‍ മറ്റു ഗര്‍ഭിണികളായ യുവതികളും ഉണ്ടായിരുന്നതായി യുവതി മൊഴി നല്‍കിയിരുന്നു. ഇതോടെ സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയം ശക്തമായി. അറസ്റ്റിലായ പ്രതികള്‍ക്കു മറ്റു ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും മറ്റൊരു കുഞ്ഞിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്നും ഉള്‍പ്പെടെ വിശദമായ അന്വേഷണം തുടരുകയാണ്.