സിനിമ തുടങ്ങുന്നതിനുമുന്‍പ് 22 മിനിറ്റ് പരസ്യം, യുവാവിന്റെ പരാതിയില്‍ തിയേറ്ററിന് 75,000 രൂപ പിഴ
സിനിമയ്ക്ക് മുന്‍പ് 22 മിനിറ്റ് വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമയബന്ധിതമായി സിനിമ തുടങ്ങാതിരുന്ന തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. 2025 ജൂണ്‍ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപഭോക്താക്കള്‍ക്ക് സേവനത്തില്‍ വീഴ്ച വരുത്തുകയും അന്യായമായ വ്യാപാര രീതി പിന്തുടരുകയും ചെയ്തുവെന്ന് കണ്ടെത്തിയാണ് ഉപഭോക്തൃ കമ്മീഷന്‍ ഈ നിര്‍ണ്ണായക ഉത്തരവിട്ടത്.
ധനുഷും നാഗാര്‍ജുനയും പ്രധാന വേഷങ്ങളിലെത്തിയ കുബേര എന്ന സിനിമ കാണാനാണ് 33-കാരനായ പരാതിക്കാരനും സുഹൃത്തും ടിക്കറ്റെടുത്തത്. രാത്രി 10:35-ന് ആരംഭിക്കേണ്ട പ്രദര്‍ശനത്തിനായി 10:30-ഓടെ തന്നെ ഇരുവരും സീറ്റുകളില്‍ ഇരുന്നിരുന്നു. എന്നാല്‍ 10:52 വരെ തുടര്‍ച്ചയായി വാണിജ്യ പരസ്യങ്ങളും സിനിമകളുടെ ട്രെയിലറുകളുമാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. ഈ അനാവശ്യ വൈകല്‍ കാരണം പുലര്‍ച്ചെ 3 മണിയോടെ മാത്രമാണ് തനിക്ക് വീട്ടിലെത്താന്‍ സാധിച്ചതെന്നും, ഇത് തന്റെ പ്ലാനുകളെ ബാധിച്ചുവെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.
കേസിന്റെ വാദത്തിനിടയില്‍ തിയേറ്റര്‍ കമ്പനി തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു. പരസ്യങ്ങളും ട്രെയിലറുകളും പൊതുജനസമ്പര്‍ക്ക വീഡിയോകളും തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും, പൊതുജനതാല്‍പ്പര്യമുള്ള കാര്യങ്ങളാണ് പ്രദര്‍ശിപ്പിച്ചതെന്നുമായിരുന്നു തിയേറ്ററിന്റെ വാദം. എന്നാല്‍ ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇത്തരം ബോധവല്‍ക്കരണ ചിത്രങ്ങള്‍ പരമാവധി 2 മിനിറ്റ് വരെ മാത്രമേ ആകാവൂ എന്ന് കമ്മീഷന്‍ വ്യക്തമാക്കി. തിയേറ്ററിന്റെ വാണിജ്യ ലാഭത്തിനായി മാത്രമാണ് പരസ്യങ്ങള്‍ കാണിച്ചതെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഈ വാദങ്ങള്‍ തള്ളി കളഞ്ഞു.
കമ്മീഷന്‍ വിധിച്ച 75,000 രൂപ പിഴ തുക വിവിധ ആവശ്യങ്ങള്‍ക്കായി വിഭജിച്ചു നല്‍കാനാണ് ഉത്തരവ്. അനാവശ്യ വൈകല്‍ കാരണം ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 20,000 രൂപയും, കേസിന്റെ ചെലവുകളിലേക്ക് 5,000 രൂപയും പരാതിക്കാരന് നല്‍കണം. ഇതിനുപുറമെ, ഇത്തരം തെറ്റായ രീതികള്‍ തിയേറ്ററുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശിക്ഷാനടപടിയായി 50,000 രൂപ ജില്ലാ കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് അടയ്ക്കാനും നിര്‍ദ്ദേശിച്ചു.
2026 സെപ്റ്റംബര്‍ 11-നാണ് ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഈ അന്തിമ വിധി പുറപ്പെടുവിച്ചത്. തിയേറ്ററുകളില്‍ നിശ്ചിത സമയത്തിന് സിനിമ തുടങ്ങാതെ വാണിജ്യ ലാഭത്തിനായി പ്രേക്ഷകരുടെ സമയം കവരുന്ന രീതിക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ ഉത്തരവ്.