പണി സാധാരണക്കാരന് തന്നെ. പാചകവാതകത്തിന് പുതിയ സെസ് വരുന്നു. സിലിണ്ടറിന് വില കൂടിയേക്കും

 
SYLINDER


പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. 


നിലവില്‍ ക്രൂഡ് ഓയില്‍ മാത്രം സംഭരിച്ചുവെക്കുന്ന രീതിക്ക് പുറമെ, ചരിത്രത്തിലാദ്യമായി എല്‍.പി.ജി , എല്‍.എന്‍.ജി എന്നിവയും കരുതല്‍ ശേഖരത്തില്‍ ഉള്‍പ്പെടുത്താനാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം കേന്ദ്രം ആലോചിക്കുന്നത്. 


എന്നാല്‍ ഇതിനായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്ന് പുതിയ സെസ് ഈടാക്കാന്‍ പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായേക്കാം.

ഏകദേശം രണ്ട് മാസത്തെ രാജ്യത്തിന്റെ ആവശ്യത്തിനുള്ള എല്‍എന്‍ജി സംഭരണവും ആറ് ആഴ്ചത്തെ എല്‍പിജി സംഭരണവുമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

 തന്ത്രപരമായ ഈ കരുതല്‍ ശേഖര പദ്ധതിക്ക് ഏകദേശം 42 ബില്യണ്‍ ഡോളറിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 

ഈ പദ്ധതിക്കായി എല്‍പിജി കിലോഗ്രാമിന് 1.29 രൂപയും പ്രകൃതി വാതകത്തിന് ക്യൂബിക് മീറ്ററിന് 1.43 രൂപയും സെസ് ഈടാക്കാനാണ് നിര്‍ദ്ദേശം ഇതനുസരിച്ച് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 18 രൂപയിലധികം വില ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഈ നിര്‍ദ്ദേശം നടപ്പിലാകുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കളുടെ പ്രതിമാസ ബില്ലുകളില്‍ ഏകദേശം 2% വര്‍ധനവുണ്ടാകും. 

സാമ്പത്തിക ഭാരം സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയമായി എതിര്‍പ്പുകള്‍ക്ക് കാരണമാകുമെന്ന ആശങ്ക സര്‍ക്കാരിനുണ്ടെങ്കിലും, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഇറക്കുമതി ആശ്രിതത്വവും ഒഴിവാക്കാന്‍ ഈ മുന്‍കരുതല്‍ അത്യാവശ്യമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരൂ.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി വലിയതോതില്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. 


വരുംകാലങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടാകാനിടയുള്ള ഇന്ധന പ്രതിസന്ധികളെയും വിതരണ തടസ്സങ്ങളെയും മുന്‍കൂട്ടി കണ്ട് രാജ്യം സ്വീകരിക്കുന്ന ഈ തന്ത്രപരമായ സുരക്ഷാ മുന്‍കരുതല്‍ വരും നാളുകളില്‍ ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.

Tags

Share this story

From Around the Web