ഭര്‍ത്താവിനെ കൊന്ന് ഭാര്യ. നെഞ്ച് മുതല്‍ സ്വകാര്യഭാഗം വരെ മുറിച്ചു. കുടല്‍ ചാക്കിലാക്കി. കരളും വൃക്കയും നഷ്ടപ്പെട്ട നിലയില്‍
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഭര്‍ത്താവിനെ ഭാര്യ അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സീതാപൂര്‍ ധാംപൂര്‍ സ്വദേശിയായ രാജേഷ് (40) ആണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് നെഞ്ച് മുതല്‍ സ്വകാര്യഭാഗം വരെ നീളത്തില്‍ മുറിച്ചാണ് കൊലപാതകം. ശരീരത്തില്‍നിന്ന് കുടല്‍ പുറത്തെടുത്ത് ചാക്കിലാക്കിയെന്നും കരളിന്റെ പകുതിയും വലത് വൃക്കയും നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വീടിന്റെ ടെറസില്‍ നിന്ന് എടുത്തുചാടിയ ഭാര്യ വിമല ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുരുക്ഷേത്രയിലെ പെഹോവ റോഡിലെ രാജ് പാലസിനടുത്തുള്ള വാടക വീട്ടിലാണ് രാജേഷും വിമല ദേവിയും താമസിച്ചിരുന്നത്. പെഹോവ റോഡില്‍ തന്നെയുള്ള പിബി ആര്‍ഒ ജലവിതരണ കമ്പനിയിലായിരുന്നു രാജേഷിന് ജോലി.
ആഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടുടമ റിങ്കു മുകളിലത്തെ നിലയില്‍ നിന്നും രാജേഷും വിമലാ ദേവിയും ബഹളം വെയ്ക്കുന്നതും നിലവിളിക്കുന്നതും കേട്ടു. അദ്ദേഹം ഉടന്‍ തന്നെ അവിടേക്ക് വന്നു. ടെറിലെത്തിയപ്പോള്‍ കാണുന്നത് വയറില്‍ ആഴത്തിലുള്ള മുറിവുമായി രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജേഷിനെയാണ്. വിമലയാകട്ടെ രാജേഷിന്റെ വയറ്റില്‍ നിന്നും പുറത്തുവന്ന കുടല്‍മാല ചാക്കിലാക്കുകയും ചെയ്യുന്നു. റിങ്കുവിനെ കണ്ടതും വിമല ദേവി പരിഭ്രാന്തയായി ടെറസില്‍ നിന്നും താഴേയ്ക്ക് എടുത്തുചാടി. വീഴ്ചയില്‍ അവര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
റിങ്കു വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പരിശോധനയില്‍ മൃതദേഹത്തിനടുത്ത് നിന്നും വ്യത്യസ്ത വലിപ്പത്തിലുള്ള മൂന്ന് കത്തികള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. വയറ്റില്‍ 37 സെന്റീമീറ്റര്‍ നീളത്തിലും ആഴത്തിലുമുള്ള മുറിവുണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. ഗൗരവ് കൗഷിക് അറിയിച്ചു. മുറിവില്‍ നിന്നും കുടലിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന രീതിയിലായിരുന്നു. കരളിന്റെ പകുതിയും വലതുഭാഗത്തെ വൃക്കയും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി കുരുക്ഷേത്ര പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് സുരേന്ദ്ര സന്ധു അറിയിച്ചു. കൊലപാതകകാരണം കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വിമലാദേവി മന്ത്രവാദം ചെയ്തിരുന്നതായാണ് വീട്ടുടമ റിങ്കു നല്‍കിയിരിക്കുന്ന മൊഴി. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ട് നിരവധി വര്‍ഷങ്ങളായെങ്കിലും ഇരുവര്‍ക്കും കുട്ടികളുണ്ടായിരുന്നില്ല. ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട അവയവങ്ങള്‍ക്കായും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള വിമല ദേവിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ അറസ്റ്റ് രേഖപ്പെടുത്തും.