വിവാഹ വസ്ത്രം സമയത്ത് ലഭിച്ചില്ല. ഓണ്‍ലൈന്‍ ബുട്ടീക്ക് 36,880 രൂപ നഷ്ടപരിഹാരം നല്‍കണം. കൊല്ലം സ്വദേശിനിയായ ദേവി പ്രിയ നല്‍കിയ പരാതിയിലാണ് നടപടി 

 
gown

കൊല്ലം: വിവാഹ ചടങ്ങിനായി ഓര്‍ഡര്‍ ചെയ്ത വസ്ത്രം സമയത്ത് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉപഭോക്താവിന് 36,880 നഷ്ടപരിഹാരം നല്‍കാന്‍ ഓണ്‍ലൈന്‍ ബുട്ടീക്കിന് ഉത്തരവിട്ട് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കൊല്ലം സ്വദേശിനിയായ ദേവി പ്രിയ നല്‍കിയ പരാതിയിലാണ് നടപടി.

2025 ഫെബ്രുവരിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ രണ്ട് വസ്ത്രങ്ങളാണ് ദേവി പ്രിയ ഓര്‍ഡര്‍ ചെയ്തത്. അടുത്ത ബന്ധുവിന്റെ വിവാഹത്തിനായാണ് വസ്ത്രങ്ങള്‍ വാങ്ങിയത്. ഗൂഗിള്‍ പേ വഴി 3,760 മുന്‍കൂര്‍ നല്‍കിയതിന് ശേഷം, മേയ് 10-ന് രണ്ട് വസ്ത്രങ്ങളും അയച്ചതായി സ്ഥാപനം അറിയിച്ചെങ്കിലും, മേയ് 14-ന് ഒരു വസ്ത്രം മാത്രമാണ് ലഭിച്ചത്. രണ്ടാമത്തെ വസ്ത്രം പിന്നീട് ലഭിക്കാതിരുന്നതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

തുടര്‍ന്ന് പലതവണ ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും റീഫണ്ട് ആവശ്യപ്പെട്ടെങ്കിലും സ്ഥാപനം ആദ്യം 50 ശതമാനം തുക തിരികെ നല്‍കാമെന്ന് അറിയിക്കുകയും പിന്നീട് അതും നടപ്പാക്കാതിരിക്കുകയും ചെയ്തു. ഒടുവില്‍, റീഫണ്ട് നല്‍കില്ലെന്നും വേണമെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്നും വാട്‌സ്ആപ്പ് കോളിലൂടെ അറിയിച്ചതായാണ് പരാതിക്കാരി കമ്മീഷനെ അറിയിച്ചത്.


കമ്മീഷന്‍ അയച്ച നോട്ടീസ് 'Unclaimed' എന്ന രേഖയോടെ മടങ്ങിയെത്തിയെങ്കിലും, നിയമപ്രകാരം അത് ലഭിച്ചതായി കണക്കാക്കി നടപടികള്‍ തുടര്‍ന്നു. ബുട്ടീക് കമ്മീഷനില്‍ ഹാജരാകുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ല. ഗൂഗിള്‍ പേ രസീതുകള്‍, ഓര്‍ഡര്‍ രേഖകള്‍, ഇമെയില്‍ ആശയവിനിമയങ്ങള്‍ എന്നിവ പരിശോധിച്ച കമ്മീഷന്‍ പരാതിക്കാരിയുടെ വാദം അംഗീകരിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയിലൂടെ നടക്കുന്ന വ്യാപാര ഇടപാടുകള്‍ക്കും ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ബാധകമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ലഭിക്കാത്ത വസ്ത്രത്തിന്റെ വിലയായ 1,880 തിരികെ നല്‍കാനും, സേവനത്തിലെ വീഴ്ച, അന്യായ വ്യാപാരരീതി, ഉപഭോക്താവിന് ഉണ്ടായ മാനസിക ബുദ്ധിമുട്ട് എന്നിവ പരിഗണിച്ച് 25,000 നഷ്ടപരിഹാരവും കേസിന്റെ ചെലവായി 10,000-വും നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. ഇതോടെ ആകെ 36,880 നല്‍കണം. ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം തുക നല്‍കാത്ത പക്ഷം കുടിശ്ശികയ്ക്ക് വാര്‍ഷികം 9 ശതമാനം പലിശയും നല്‍കേണ്ടിവരും.

Tags

Share this story

From Around the Web