സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒന്‍പത് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് മുന്നറിയിപ്പ്

തിരുവനന്തപുരം:ഇടതടവില്ലാത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒന്‍പത് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കി.
കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ബാണാസുര സാഗര്‍ അണക്കെട്ടിലും ജലസേചന വകുപ്പിന്റെ മീങ്കര, വാളയാര്‍, പോത്തുണ്ടി ഡാമുകളിലുമാണ് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മാട്ടുപെട്ടി, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത് ഡാമുകളിലും മീങ്കര , വാളയാര്‍, പോത്തുണ്ടി ഡാമുകളിലും മുന്‍കരുതലിന്റെ ഭാഗമായി ജലം തുറന്നു വിടുന്നുണ്ട്.
അണക്കെട്ടുകളുടെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇടുക്കി ഡാമില്‍ സംഭരണശേഷിയുടെ 74.37% ജലം ലഭിച്ചു. ഇന്നത്തെ ജലനിരപ്പ് -2380.56 അടി ആണ്.
അതേസമയം, ആറ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.