ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു. കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയില്‍ കേരളം
തൊടുപുഴ: കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനം വലിയൊരു ഊര്‍ജ്ജ പ്രതിസന്ധിയുടെ വക്കിലെന്ന് ആശങ്ക.
ജലവൈദ്യുത പദ്ധതികളുടെ നട്ടെല്ലായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് സര്‍ക്കാരിനെയും കെഎസ്ഇബിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മഴയില്‍ വലിയ കുറവ് രേഖപ്പെടുത്തിയതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയത്.
ഡാമിലെ നിലവിലെ ജലനിരപ്പ് സംബന്ധിച്ച കണക്കുകള്‍ ഏറെ ആശങ്കാജനകമാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തുണ്ടായിരുന്നതിനേക്കാള്‍ 35 അടിയിലേറെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡാമിന്റെ മൊത്തം സംഭരണശേഷിയുടെ 27 ശതമാനത്തോളം വെള്ളം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. മഴ ഇനിയും വൈകിയാല്‍ ഉത്പാദനം കുറയ്ക്കുകയോ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇടുക്കിക്ക് പുറമെ സംസ്ഥാനത്തെ മിക്ക പ്രധാന ഡാമുകളിലും സമാനമായ അവസ്ഥയാണ് തുടരുന്നത്. മുല്ലപ്പെരിയാര്‍ അടക്കമുള്ള അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പകുതി പിന്നിട്ടിട്ടും പ്രതീക്ഷിച്ച തോതില്‍ മഴ ലഭിക്കാത്തത് കാര്‍ഷിക മേഖലയെയും വൈദ്യുതി ഉത്പാദനത്തെയും ഒരുപോലെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍, കുറഞ്ഞ ജലനിരപ്പ് ഉപയോഗിച്ച് നിലവില്‍ മൂലമറ്റത്ത് ഉത്പാദനം വര്‍ധിപ്പിച്ചാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ലോഡ്‌ഷെഡിങ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്നത് ഉറപ്പാണ്. വരാനിരിക്കുന്ന മാസങ്ങളില്‍ മഴ കനിയുമെന്ന പ്രതീക്ഷയിലാണ് അധികൃതരും പൊതുജനങ്ങളും.